
കലിഫോർണിയയിൽ ആറു ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാന്സിസ്കോയിൽ ഇന്ത്യൻ കോൺസലേറ്റ് സ്ഥിരീകരിച്ചു. ബംഗളുരു സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ഫെബ്രുവരി 9നാണു അപ്രത്യക്ഷനായത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലിയിൽ കെമിക്കൽ-ബയോമോളിക്കുലർ എൻജിനിയറിംഗ് എം എസ്സി വിദ്യാർഥിയായ സാകേതിന്റെ ജഡം കണ്ടെത്തിയതായി അറിയിച്ച കോൺസലേറ്റ് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കയും ചെയ്തു.
ബെർക്കിലി ഹിൽസ്, ലേയ്ക്ക് അൻസാ മേഖലകളിൽ സാകേതിനായി വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ക്യാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി റ്റിൽഡൺ റീജണൽ പാർക്കിനു സമീപം അദ്ദേഹത്തിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങുന്ന ബാക്ക്പാക്ക് കണ്ടു കിട്ടിയിരുന്നു.
മദ്രാസ് ഐ ഐ ടിയിൽ നിന്നു ബിരുദമെടുത്ത സാകേത് മറ്റു അഞ്ചു പേർക്കൊപ്പം ഒരു മൈക്രോ ചാനൽ കൂളിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് നേടിയിരുന്നു.
Missing Indian student's body found