Image

ബംഗ്ലാദേശിന്റെ 'ഡാര്‍ക്ക് പ്രിന്‍സ്' താരിഖ് റഹ്‌മാന്‍

എ.എസ് ശ്രീകുമാര്‍ Published on 13 February, 2026
ബംഗ്ലാദേശിന്റെ 'ഡാര്‍ക്ക് പ്രിന്‍സ്' താരിഖ് റഹ്‌മാന്‍

കഴിഞ്ഞ 17 വര്‍ഷം ലണ്ടനിലിരുന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ (ബി.എന്‍.പി) നയിച്ച താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍  എത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാതകള്‍ ഒട്ടും സുഗമമലെലന്ന് കാണാം. കാരണം ബംഗ്ലാദേശ്  വലിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നേരിടുന്ന സമയമാണിത്. എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി വമ്പന്‍ വിജയമാണ് ബി.എന്‍.പിക്ക് ലഭിച്ചത്. പാര്‍ട്ടി മത്സരിച്ച 299 സീറ്റുകളില്‍ ബി.എന്‍.പിയും സഖ്യകക്ഷികളും കുറഞ്ഞത് 212 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്  70 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബി.എന്‍.പി ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. 300 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം 151 സീറ്റുകളാണ്.

താരിഖ് കഴിഞ്ഞ 17 വര്‍ഷം ലണ്ടനില്‍ പ്രവാസത്തിലായിരുന്നു. ഷെയ്ഖ് ഹസീന അധികാരത്തില്‍ വന്നതോടെ അഴിമതി കേസുകളില്‍ താരിഖ് പ്രതിയായി. ചിലതില്‍ ശിക്ഷിക്കപ്പെട്ടു. അങ്ങനെയാണ് മാതൃരാജ്യം വിട്ടോടേണ്ടി വന്നത്. 2008 മുതല്‍ ലണ്ടനില്‍ ഇരുന്നാണ് പാര്‍ട്ടിയെ നയിച്ചത്. താരിഖ് റഹ്‌മാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതി, കൈക്കൂലി, രാഷ്ട്രീയ അക്രമം തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. 2006 മുതല്‍ 2009 വരെ സൈനികാധിഷ്ഠിത ഇടക്കാല സര്‍ക്കാര്‍ ഭരണം നടത്തിയ സമയത്ത് ഈ കേസുകള്‍ പൊന്തിവന്നു. 2007 മാര്‍ച്ചില്‍ ധാക്കയിലെ വസതിയില്‍ നിന്ന് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയ്ക്കായി യു.കെയിലേക്ക് പോയി. അങ്ങനെ അദ്ദേഹം സ്വയം പ്രവാസത്തിലായി. താരിഖ് റഹ്‌മാന്റെ പേരില്‍ 84 കേസുകളുണ്ടായിരുന്നു, ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍, 2004-ലെ ഗ്രനേഡ് ആക്രമണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വാദിച്ചു.

ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ 2024ഓഗസ്റ്റില്‍ അധികാരത്തില്‍ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെ താരിഖ് റഹ്‌മാന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഹസീനയുടെ പുറത്താകലോടെ നിയമപരവും രാഷ്ട്രീയപരവുമായ സാഹചര്യങ്ങള്‍ താരിഖിന് അനുകൂലമായി മാറി. ഇടക്കാല സര്‍ക്കാരും സുപ്രീം കോടതിയും അദ്ദേഹത്തിന്റെ മുന്‍കാല ശിക്ഷകള്‍ റദ്ദാക്കുകയും അവാമി ലീഗ് ഭരണകാലത്ത് ഫയല്‍ ചെയ്ത കേസുകളില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ഡിസംബറില്‍ റഹ്‌മാന്‍ ബംഗ്ലാദേശില്‍ മടങ്ങിയെത്തുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷണം, വിദേശനയ പരിഷ്‌കാരങ്ങള്‍, ബംഗ്ലാദേശിനെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നില്‍ വെച്ച് മത്സരിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം 'പരസ്പര വിശ്വാസത്തിലും പരസ്പര താല്‍പ്പര്യത്തിലും' അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ബി.എന്‍.പി പറയുന്നു.

ബംഗ്ലാദശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനായി 1965-ല്‍ ജനിച്ച താരിഖ് റഹ്‌മാന് അധികാരം പുത്തരിയല്ല. നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ പിതാവ് സിയാവുര്‍ റഹ്‌മാന്‍ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981-ലാണ്. അന്ന് താരിഖ് റഹ്‌മാന് വെറും 16 വയസ്. സിയാവുര്‍ റഹ്‌മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളില്‍ കരുത്തനായി താരിഖ് റഹ്‌മാന്‍ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാര്‍ട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അദ്ദേഹം.

ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി താരിഖ് ചുമതലയേറ്റു. ലക്ഷ്യം പ്രധാനമന്ത്രി പദം തന്നെ ആയിരുന്നു. ആ അധികാര കസേര ഇപ്പോള്‍ താരിഖ് റഹ്‌മാന്‍ സ്വന്തമാക്കിയിരിക്കുന്നു. മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. അഴിമതിക്കാരന്‍ എന്ന പഴയ പ്രതിച്ഛായ മാറ്റണം, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണം, കടുത്ത സാമ്പത്തിക വെല്ലുവിളികളെ  മറികടക്കണം, 17 കോടിവരുന്ന ബംഗ്ലാദേശ് ജനതയുടെ പ്രതീക്ഷകള്‍ സഫലമാക്കണം. നന്മയുള്ള രാഷ്ട്രീയത്തിന്റെ പുതിയ യുഗം വാഗ്ദാനം ചെയ്താണ് താരിഖ് റഹ്‌മാന്‍ അധികാരമേറുന്നത്.

18 മാസങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും, തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കിയ മുന്നണിയും തമ്മിലായിരുന്നു മത്സരം. ജൂലൈ വിപ്ലവത്തെ നയിച്ച നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി അടക്കം 11 പാര്‍ട്ടികളുടെ ജമാഅത്തെ സഖ്യം ബഹുദൂരം പിന്നിലാക്കപ്പെട്ടു. ധാക്ക 17-ലും ബോഗുര 6-ലും മത്സരിച്ച താരിഖ് റഹ്‌മാന്‍ രണ്ടിടങ്ങളിലും വിജയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദപ്രകടനങ്ങളോ യോഗങ്ങളോ ഇല്ലെന്നും രാജ്യവ്യാപകമായി യോഗം നടത്തുമെന്നും ബി.എന്‍.പി അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് മുന്‍പ് തന്നെ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നിരുന്നു. 17 വര്‍ഷം മുന്‍പ് ആരോപണങ്ങളുടെ ചുഴിക്കുള്ളില്‍പ്പെട്ട്, സ്വയം നാടുകടത്തപ്പെട്ട ബംഗ്ലാദേശിന്റെ ഈ ഡാര്‍ക്ക് പ്രിന്‍സ് ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ബി.എന്‍.പിയെ പുനഃസ്ഥാപിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ ക്വാട്ട പരിഷ്‌കരണമാവശ്യപ്പെട്ട് 2024 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭമാണ്, ഒരുകാലത്ത് ബംഗ്ലാദേശിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെട്ടിരുന്ന ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതിലേക്ക് നയിച്ചത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ചെിത്രത്തില്‍ തന്നെയില്ലാതിരുന്ന തിരഞ്ഞെടുപ്പാണ് നടന്നത്.

അതേസമയം, താരിഖ് റഹ്‌മാന്റെയും ബി.എന്‍.പിയുടെയും ചരിത്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിന്  ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബി.എന്‍.പിയെ നിര്‍ണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും, ഈ വിജയം താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവായ വികസന ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും താന്‍ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക