Image

3.15 മണിക്കൂറില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു: ശസ്ത്രക്രിയകൾക്ക് തുടക്കം

Published on 13 February, 2026
3.15 മണിക്കൂറില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്ത്  എത്തിച്ചു: ശസ്ത്രക്രിയകൾക്ക് തുടക്കം

തിരുവനന്തപുരം: ഒന്നാം പിറന്നാളിന്  മുൻപേ പൊലിഞ്ഞ കുരുന്നിൻ്റെ അവയവങ്ങൾ വഹിച്ച് കൊച്ചിയിൽനിന്ന് കുതിച്ച ആംബുലൻസിന് കേരളം വഴിയൊരുക്കിയപ്പോൾ ആദ്യ ലക്ഷ്യസ്ഥാനമായ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചേർന്നത് മൂന്നുമണിക്കൂർ 15 മിനിറ്റിനുള്ളിൽ. കൊച്ചി അമൃത ആശുപത്രിയിൽനിന്ന് വൈകുന്നേരം 7:13ഓടെ പുറപ്പെട്ട ആംബുലൻസ് രാത്രി 10:30 ഓടെ കിംസിൽ എത്തി കരൾ കൈമാറി. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ ആംബുലൻസ് 10:38 ഓടെ ആശുപത്രിയിൽ എത്തി വൃക്കകളും കൈമാറി. ഉടൻതന്നെ വേഗത്തിൽ പുറപ്പെട്ട് 10:40ഓടെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി ഹൃദയ വാൽവും കൈമാറിയതോടെ ഡ്രൈവർ തൃശൂർ മാള സ്വദേശി ജെയ്നീഷിൻ്റെ ദൗത്യം കൃത്യം മൂന്നു മണിക്കൂ‍ർ 25 മിനിറ്റുകൊണ്ട് പൂർണം.

ഇതേ സമയം വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ്  ആലിറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.

മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. 

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക