
ഡാളസ് : 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്സ് ടീം വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മുന്‍ ക്വാര്‍ട്ടര്‍ ബാക്കും ഹാള്‍ ഓഫ് ഫേമറുമായ ട്രോയ് ഐക്മാന്‍. സ്‌പോര്‍ട്‌സ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്.
നിരാശാജനകമായ സീസണ്‍: 2025 സീസണില്‍ 7-9-1 എന്ന നിലയില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കൗബോയ്സിന്റെ പ്രകടനം വലിയ തിരിച്ചടിയാണെന്ന് ഐക്മാന്‍ വിശേഷിപ്പിച്ചു.
കോച്ച് ബ്രയാന്‍ ഷോട്ടന്‍ഹൈമര്‍ ടീമിനുള്ളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നോ എന്ന കാര്യത്തില്‍ ഐക്മാന്‍ സംശയം പ്രകടിപ്പിച്ചു. പ്ലേ ഓഫില്‍ എത്താത്ത ഒരു സീസണിനെ ഒരിക്കലും നല്ലതെന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്വാര്‍ട്ടര്‍ ബാക്ക് ഡാക് പ്രെസ്‌കോട്ട് 17 മത്സരങ്ങളിലും കളിക്കുകയും മികച്ച ഫോമിലായിരിക്കുകയും ചെയ്തിട്ടും അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. 4,552 യാര്‍ഡുകളും 30 ടച്ച്ഡൗണുകളുമായി പ്രെസ്‌കോട്ട് തിളങ്ങിയ വര്‍ഷമായിരുന്നു ഇത്.
പ്രെസ്‌കോട്ടിന് എല്ലാ വര്‍ഷവും ഇതേപോലെ പരിരിക്കേല്‍ക്കാതെ തുടരാനാകുമോ എന്നത് വെല്ലുവിളിയാണെന്നും, പ്രതിരോധ നിരയിലെ മാറ്റങ്ങള്‍ ടീമിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്മാന്‍ പറഞ്ഞു.
സൂപ്പര്‍ ബൗള്‍ 60 കഴിഞ്ഞ സാഹചര്യത്തില്‍, 2026 സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ കൗബോയ്സ് തങ്ങളുടെ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.