
ന്യൂ യോർക്കിനെയും ന്യൂ ജേഴ്സിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗെയ്‌റ്റ്‌വെ ടണലിന്റെ നിർമാണത്തിനുള്ള ഫെഡറൽ ധനസഹായം തുടരാൻ ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
പണം കൊടുക്കണമെന്നു ആവശ്യപ്പെടുന്ന കീഴ്കോടതി ഉത്തരവിനെതിരായ അപ്പീൽ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ സെക്കന്റ് സർക്യൂട്ട് തള്ളി. ഉത്തരവിനു വ്യാഴാഴ്ച്ച മുതൽ പ്രാബല്യമുണ്ട്.
ഫണ്ടിംഗ് പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച്ച ഡിസ്‌ട്രിക്‌ട് ജഡ്‌ജ് യേനറ്റ് വർഗാസ് ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിൽ ഡെമോക്രാറ്റിക് ഭരണമുള്ള സ്റ്റേറ്റുകൾ കൊണ്ടുവന്ന പരാതികൾ കോടതിയുടെ മുന്നിലുണ്ട്. ഈ മാസം അവസാനത്തോടെ അതിൽ തീർപ്പുണ്ടാവും എന്നാണ് പ്രതീക്ഷ.
ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു: "ഗെയ്‌റ്റ്‌വെ ടണലിനുള്ള പണം തടയാൻ ട്രംപ് ഭരണകൂടത്തിന് ഇനി നിയമപരമായി വഴിയൊന്നുമില്ല. ഡോണൾഡ് ട്രംപ് നിയമത്തിനു വഴങ്ങി ഉടൻ തന്നെ പദ്ധതി പുനരാമാഭിക്കാൻ സഹായിക്കണം."
ഹഡ്‌സൺ നദിക്കടിയിൽ പെൻ സ്റ്റേഷനും ന്യൂ യോർക്ക് സിറ്റിയുമായി ബന്ധപ്പെടുത്തുന്ന $16 ബില്യൺ പദ്ധതിക്കുള്ള സഹായം ട്രാൻസ്‌പോർട്ടേഷൻ വകുപ്പ് പൂർണമായി നിർത്തി വച്ചിരിക്കയാണ്. പെൻ സ്റ്റേഷനു തന്റെ പേരിട്ടാൽ ഫണ്ടിംഗ് വീണ്ടും ആരംഭിക്കാമെന്നു ട്രംപ് സെനറ്റർ ചക് ഷൂമറോടു (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞുവെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.
Appeals court orders funding for Gateway Tunnel