Image

ഡി എച് എസിനു പണം നൽകാനുള്ള ബിൽ സെനറ്റിൽ പാസായില്ല; ഭാഗിക അടച്ചു പൂട്ടലിനു സാധ്യത (പിപിഎം)

Published on 13 February, 2026
 ഡി എച് എസിനു പണം നൽകാനുള്ള ബിൽ സെനറ്റിൽ പാസായില്ല; ഭാഗിക അടച്ചു പൂട്ടലിനു സാധ്യത (പിപിഎം)

മിനസോട്ടയിൽ ഇമിഗ്രെഷൻ റെയ്‌ഡുകൾ അവസാനിപ്പിക്കുന്നു എന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം ഡെമോക്രാറ്റുകളുടെ നിലപാടിൽ മാറ്റം വരുത്തിയില്ല. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു (ഡി എച് എസ്) പണം നൽകാനുള്ള ബിൽ പാസാക്കാൻ അവർ സഹായിച്ചില്ല. അതോടെ ഡി എച് എസിന്റെ ഭാഗിക അടച്ചു പൂട്ടൽ അനിവാര്യമായി.

താത്കാലിക ഫണ്ടിംഗ് വെള്ളിയാഴ്ച്ച അവസാനിക്കയാണ്. നിർണായക ഏജൻസികളായ ടി എസ് എ, ഫെമ, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഫണ്ടിംഗ് ശനിയാഴ്ച്ച ലാപ്‌സാവും.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ വ്യാഴാഴ്ച്ച 52-47 വോട്ടാണ് ലഭിച്ചത്. ബിൽ പാസാക്കാൻ 60 വേണം എന്നാണ് ചട്ടം.

ഇമിഗ്രെഷൻ നയം നടപ്പാക്കുന്നതിനു ഫെഡറൽ ഏജൻസികളുടെ മേൽ നിയന്ത്രണം കൊണ്ടുവരണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ് ഹൗസ് അംഗീകരിക്കാത്തതാണ് പ്രതിസന്ധി തുടരാൻ കാരണം. ഫെഡറൽ ഏജൻറുമാർ രണ്ടു പേരെ വെടിവച്ചു കൊന്ന മിനിയപോളിസിൽ നിന്നു അവരെ പിൻവലിക്കുന്നു എന്ന അതിർത്തി മേധാവി ടോം ഹോമന്റെ അറിയിപ്പ് വൈറ്റ് ഹൗസിന്റെ ഒരു ഒത്തുതീർപ്പു നീക്കം ആയിരുന്നെങ്കിലും മറ്റു വ്യവസ്ഥകൾ അവർ സ്വീകരിച്ചിട്ടില്ല.

നിലവിലുള്ള സ്ഥിതി മാറാതെ സഹകരിക്കില്ലെന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷുമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു. "ഈ അവസ്ഥ തുടരാൻ ഞങ്ങൾ സഹായിക്കില്ല."

ഫെഡറൽ ഏജൻറുമാർ മുഖം മൂടി ധരിക്കാൻ പാടില്ല, റെയ്‌ഡിനു കോടതി വാറന്റ് വേണം എന്നീ വ്യവസ്ഥകളാണ് ഡെമോക്രാറ്റുകൾ പ്രധാനമായും മുറുകെ പിടിക്കുന്നത്.

മിനിയപോളിസിലെ പിൻമാറ്റം തങ്ങളുടെ നിലപാടിന്റെ വൻ വിജയമായി ഡെമോക്രാറ്റുകൾ ആഘോഷിച്ചു. കൊല്ലപ്പെട്ടവരെ 'ആഭ്യന്തര ഭീകരർ' എന്നു ഫെഡറൽ ഏജൻറുമാർ വിശേഷിപ്പിച്ചെങ്കിലും പിന്മാറ്റം ട്രംപ് ഭരണകൂടത്തിന്റെ കീഴടങ്ങലായി.

"ഐസിന്റെ ഭീകരത അവസാനിപ്പിക്കാനുള്ള നിയമനിർമാണം കൂടിയേ തീരൂ," ഷൂമർ പറഞ്ഞു."

DHS bill fails to advance in Senate 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക