Image

പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ ആഹ്ലാദപ്രകടനം ; വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് സിപിഎം പ്രവർത്തകർ

Published on 26 January, 2026
പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ ആഹ്ലാദപ്രകടനം ; വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂര്‍: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തി സിപിഎം പ്രവർത്തകർ. നടപടിക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. വീടിന് മുന്നില്‍വച്ച് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ഈ സമയത്ത് കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ച്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു.

ഞായറാഴ്ച്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന തുറന്നുപറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക