Image

മുൻകാമുകൻ വിവാഹം കഴിച്ചതിൽ വിദ്വേഷം ; ഭാര്യയ്ക്ക് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവച്ച് വനിത ഡോക്ടർ

Published on 26 January, 2026
മുൻകാമുകൻ വിവാഹം കഴിച്ചതിൽ വിദ്വേഷം ; ഭാര്യയ്ക്ക് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവച്ച് വനിത ഡോക്ടർ

അമരാവതി: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ എച്ച്‌ഐവി അടങ്ങിയ രക്തം വനിത ഡോക്ടര്‍ക്ക് കുത്തിവെച്ച സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വനിത ഡോക്ടറുടെ ഭര്‍ത്താവ് ഈ രണ്ടു സ്ത്രീകളില്‍ ഒരാളുടെ മുന്‍കാമുകനായിരുന്നു. മുന്‍ കാമുകന്‍ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ കാമുകനും ഡോക്ടറാണ്.

സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസർക്കാണ് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. ജനുവരി 10നാണ് കര്‍ണൂല്‍ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. ബി ബോയ വസുന്ധര (34), കോങ്ക ജ്യോതി (40) അടക്കം നാലുപേരാണ് അറസ്റ്റിലായത്. കോങ്ക സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.

വസുന്ധരയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഡോക്ടര്‍ മറ്റൊരു വിവാഹം ചെയ്തു. ഇത് വസുന്ധരയെ വല്ലാതെ നിരാശപ്പെടുത്തി. പിന്നാലെയാണ് ഡോക്ടറുടെ ഭാര്യയെ ഉപദ്രവിക്കാനായി വസുന്ധര പദ്ധതിയിട്ടത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെയാണ് എച്ച്‌ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ വാങ്ങിയത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവര്‍ രക്ത സാമ്പിള്‍ ശേഖരിച്ചത്. പിന്നാലെ അത് വസുന്ധരയുടെ വീട്ടില്‍ സൂക്ഷിച്ചു.

ജനുവരി 9ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്‌കൂട്ടറില്‍ വനിത ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്ലാൻ അനുസരിച്ച് അപകടം സൃഷ്ടിച്ചാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചത്. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ മനഃപൂര്‍വം ഡോക്ടറെ ഇടിച്ചു വീഴ്ത്തി. ശേഷം വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ഡോക്ടറുടെ അടുത്തേയ്ക്ക് എത്തി. ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്‌ഐവി പോസിറ്റീവായ രക്തം കുത്തിവെച്ചു. രക്തം കുത്തിവെച്ചതിനു ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിനിടെ ഡോക്ടര്‍ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുത്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക