
ബീജിങ്: കാനഡയും ചൈനയും തമ്മിലുളള പുതിയ വ്യാപാര കരാര്‍ ആരെയും ലക്ഷ്യം വെച്ചല്ലെന്ന് ചൈന. ചൈന-കാനഡ വ്യാപാര കരാറിനെ ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടം പ്രതികരണം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപര കരാര്‍ അന്തിമമാക്കിയാല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിരുന്നു.
ഒരു മൂന്നാം കക്ഷിയെയും ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ചൈന വ്യക്തമാക്കി. തങ്ങള്‍ കാനഡയുമായി സ്ഥാപിച്ചിരിക്കുന്നത് പുതിയ തരത്തിലുള്ള തന്ത്രപരമായ പങ്കാളിത്തമാണെന്നും, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ‘വിന്‍-വിന്‍’ മാനസികാവസ്ഥയിലായിരിക്കണം അധിഷ്ഠിതമാകേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. ചൈനയുടെ വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കടത്തിവിടാനുള്ള ഒരു ഇടത്താവളമായി കാനഡയെ മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വാഷിങ്ടണ്‍.
ഈ മാസം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ ബീജിങ് സന്ദര്‍ശനത്തിനിടെയാണ് വിവാദമായ പ്രാഥമിക കരാര്‍ പ്രഖ്യാപിച്ചത്. കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കാനും കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ രഹിത യാത്ര അനുവദിക്കാനും ചൈന സമ്മതിച്ചിരുന്നു. പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ നികുതി ഇളവ് നല്‍കും. എന്നാല്‍, ചൈന കാനഡയെ പൂര്‍ണ്ണമായും വിഴുങ്ങുകയാണെന്നും ഒരിക്കല്‍ മഹത്തായിരുന്ന ഒരു രാജ്യം ചൈനയുടെ കൈപ്പിടിയിലായെന്നും ട്രംപ് പരിഹസിച്ചു.