
ആശ്വാസവാർത്ത ഒന്നുമില്ല: കനത്ത ആർക്ടിക് ശൈത്യം നിറച്ച കാറ്റിന്റെ പരുക്കേറ്റ യുഎസിൽ മരണ സംഖ്യ വേഗത്തിൽ ഉയരുമ്പോൾ ഒരു മില്യനോളം പേർ ഇരുട്ടിലായി. തെക്കു നിന്നു വടക്കു കിഴക്കു വരെയുള്ള മേഖലകളിൽ വൈദ്യുതി തിരിച്ചു കിട്ടാൻ ദിവസങ്ങൾ വേണ്ടിവരും. കനത്ത മഞ്ഞിലും മഞ്ഞുമഴയിലും മരങ്ങളും വൈദ്യുതി ലൈനുകളും വീണുകിടക്കുന്നത് ശരിയാക്കാൻ തീവ്ര യജ്ഞം തന്നെ വേണ്ട അവസ്ഥയാണ്.
ടെന്നസി, മിസിസിപ്പി, ലൂസിയാന, ടെക്സസ്, ജോർജിയ എന്നീ സംസ്‌ഥാനങ്ങളിൽ മാത്രം 1,000,000 പേർക്കു വൈദ്യുതി നഷ്ടമായെന്ന് പവർഔട്ടേജ്.കോം പറയുന്നു. ടെന്നസിയിൽ സ്ഥിതി ഗുരുതരമാണ്: മഞ്ഞുകട്ടി ലൈനുകളെ തകർത്തതിനാൽ പ്രശ്നം ദിവസങ്ങളോളം നീണ്ടു പോകാം.
എയർപോർട്ടുകൾ ചൊവാഴ്ച്ച തുറന്നേക്കും
പല വിമാനത്താവളങ്ങളും ചൊവാഴ്ച്ച വീണ്ടും തുറന്നേക്കും. ബോസ്റ്റൺ ലോഗൻ അതിനുള്ള ഒരുക്കത്തിലാണ്. ഡി സിയിലെ ഡള്ളസ് എയർപോർട്ട് തിങ്കളാഴ്ച്ച സാവകാശം പുനരാരംഭിക്കാം എന്ന പ്രതീക്ഷയിലാണ്.
വെള്ളിയാഴ്ചയ്ക്കു ശേഷം 30,000 ഫ്ലൈറ്റുകളെങ്കിലും പ്രശ്നം നേരിട്ടു. അതിൽ 18,000 റദ്ദാക്കപ്പെട്ടു.
വാഷിംഗ്ടൺ റെയ്ഗൻ ഇന്റർനാഷണൽ, ന്യൂ യോർക്ക് ല ഗാർഡിയ എന്നിവ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി.
തെരുവിൽ ഇറങ്ങരുത്
തെരുവിൽ ഇറങ്ങരുത് എന്ന നിർദേശം തന്നെയാണ് എമെർജെൻസി ഉദ്യോഗസ്ഥർ നൽകുന്നത്. റോഡുകൾ മഞ്ഞുമൂടി അപകടാവസ്ഥയിലാണ്. മഞ്ഞുമഴയും അതിശൈത്യവും കാഴ്ച്ച കുറയ്ക്കുന്നു.
ന്യൂ യോർക്ക് സിറ്റി, നാഷ്‌വിൽ, മെംഫിസ്, ഡാളസ്, അറ്റ്ലാന്റ, ബോസ്റ്റൺ എന്നിവിടങ്ങളിൽ റോഡപകട സാധ്യത കൂടുതലാണ്.
ശൈത്യാഘാതം ന്യൂ മെക്സിക്കോ മുതൽ മെയ്ൻ വരെ ഏതാണ്ടു 2,000 മൈൽ വ്യാപിച്ചിട്ടുണ്ട്.
വടക്കു കിഴക്കൻ നഗരങ്ങളിലാണ് ഏറ്റവും അടിയേറ്റിട്ടുള്ളത്. ന്യൂ യോർക്ക് സിറ്റിയുടെ സെൻട്രൽ പാർക്കിൽ 11.4 ഇഞ്ച് മഞ്ഞുനിറഞ്ഞു 1905ലെ 10 ഇഞ്ച് റെക്കോർഡ് തകർത്തു. ആറു മരണങ്ങളാണ് നഗരത്തിൽ നിന്നു റിപ്പോർട്ട് ചെയ്തത്.
ന്യൂ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ രണ്ടടി വരെ ഉയരത്തിൽ മഞ്ഞു കനക്കും എന്നാണ് പ്രവചനം.
സ്കൂളുകളൂം യൂണിവേഴ്സിറ്റികളും അടച്ചിട്ടു.
തിങ്കളാഴ്ച്ച കാറ്റു ശമിക്കുമ്പോൾ 8 മുതൽ 12 ഇഞ്ച് വരെ മഞ്ഞും മഞ്ഞുകട്ടിയും ശേഷിക്കുമെന്നു കരുതപ്പെടുന്നു.