Image

വിഎസിന് പത്മവിഭൂഷൺ: സ്വാഗതം ചെയ്ത് സിപിഎം, അന്തിമ തീരുമാനം കുടുംബത്തിന് വിട്ടു

Published on 26 January, 2026
വിഎസിന് പത്മവിഭൂഷൺ: സ്വാഗതം ചെയ്ത് സിപിഎം, അന്തിമ തീരുമാനം കുടുംബത്തിന് വിട്ടു

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ ലഭിച്ചതിനെ സിപിഎം സ്വാഗതം ചെയ്തു. പുരസ്കാരം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന് പാർട്ടി അനുമതി നൽകി.

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതം ചെയ്തു. പുരസ്കാര ലബ്ധിയിൽ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 

മുൻകാലങ്ങളിൽ പാർട്ടി നേതാക്കൾ ഇത്തരം ബഹുമതികൾ നിരസിച്ചിട്ടുണ്ടെങ്കിലും, വിഎസിന്‍റെ കാര്യത്തിൽ കുടുംബത്തിന്‍റെ നിലപാടിനെ പാർട്ടി മാനിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"മുമ്പ് പാർട്ടി നേതാക്കന്മാർ ഓരോരുത്തരും അവരവരുടെ നിലപാടുകൾ അനുസരിച്ചാണ് പുരസ്കാരങ്ങളെ കൈകാര്യം ചെയ്തത്. എന്നാൽ വി.എസിന്‍റെ കുടുംബം ഈ അംഗീകാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ പാർട്ടിക്കും വലിയ സന്തോഷമേയുള്ളൂ, പുരസ്കാരം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ഭരണകൂടം നൽകുന്ന ബഹുമതികളോട് കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തുന്ന വിമുഖതയ്ക്ക് ദീർഘകാലത്തെ ചരിത്രമുണ്ട്. നരസിംഹറാവു സർക്കാരിന്‍റെ കാലത്താണ് രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന് പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചത്. എന്നാൽ പാർട്ടിയും ഇ.എം.എസും ഈ പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്. 

1996-ലെ ഐക്യമുന്നണി സർക്കാരിന്‍റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരതരത്‌നം നൽകാൻ ആലോചനയുണ്ടായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ആരായവേ, പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ബസുവും പാർട്ടിയും സ്വീകരിച്ചത്. 

ഇതേ സർക്കാരിന്‍റെ കാലത്ത് തന്നെ സി.പി.എം. നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചനയുണ്ടായെങ്കിലും അദ്ദേഹവും പാർട്ടിയും അത് നിരസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക