Image

മിനിയാപോളിസ് വെടിവെപ്പ്: കുടിയേറ്റ നയങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ട്രംപ്; ഭരണപക്ഷത്ത് ഭിന്നത

പി പി ചെറിയാന്‍ Published on 26 January, 2026
 മിനിയാപോളിസ് വെടിവെപ്പ്: കുടിയേറ്റ നയങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ട്രംപ്; ഭരണപക്ഷത്ത് ഭിന്നത

മിനിയാപോളിസ് : മിനിയാപോളിസില്‍ ഫെഡറല്‍ ഏജന്റ് അമേരിക്കന്‍ പൗരനായ അലക്‌സ് പ്രെറ്റിയെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ, തന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും ഉദ്യോഗസ്ഥരുടെ നടപടികളും ശരിയാണെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഈ വിഷയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും ഭരണകൂടത്തിനുള്ളിലും വന്‍ ഭിന്നതകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും കുടിയേറ്റ ഏജന്‍സികളുമായി സഹകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേ എന്നിവര്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിനെപ്പോലെയുള്ള മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിന്റെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു. എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുക എന്നത് അമേരിക്കക്കാര്‍ ആഗ്രഹിക്കുന്ന ഒന്നാണോ എന്ന് സ്റ്റിറ്റ് ചോദിച്ചു. ഏജന്റിന്റ നടപടി ശരിയാണോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.

കൊല്ലപ്പെട്ട അലക്‌സ് പ്രെറ്റി ലൈസന്‍സുള്ള തോക്ക് കൈവശം വെച്ചിരുന്നയാളാണ്. ആയുധം കൈവശമുള്ള പൗരന്മാരെ ഏജന്റുമാര്‍ വെടിവെക്കുന്നതിനെ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (NRA) അപലപിച്ചു. ഇത് ട്രംപിന് തിരിച്ചടിയായി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ (DHS) ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ ഫണ്ട് വെട്ടിക്കുറയ്ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ഇത് വെള്ളിയാഴ്ചയോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഭാഗികമായി സ്തംഭിക്കുന്നതിലേക്ക് (Government Shutdown) നയിച്ചേക്കാം.

മിനസോട്ടയില്‍ നിന്ന് ഫെഡറല്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ അഴിമതി അന്വേഷണങ്ങളില്‍ ഇളവ് നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി മിനസോട്ട ഗവര്‍ണര്‍ക്ക് കത്തയച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക