
ഡിട്രോയിറ്റ് : ഡെട്രോയിറ്റില്‍ നിന്നുള്ള 17-കാരി ലണ്ടന്‍ തോമസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. 23 വയസ്സുകാരനായ ജാലന്‍ പെന്‍ഡര്‍ഗ്രാസ്, അദ്ദേഹത്തിന്റെ അമ്മ 49 വയസ്സുകാരി ചാര്‍ല പെന്‍ഡര്‍ഗ്രാസ് എന്നിവര്‍ക്കെതിരെയാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി വിചാരണ നടത്താന്‍ ജഡ്ജി സാബ്രിന ജോണ്‍സണ്‍ വെള്ളിയാഴ്ച ഉത്തരവിട്ടത്.
2025 ഏപ്രിലിലാണ് ലണ്ടന്‍ തോമസിനെ കാണാതാകുന്നത്. ജാലന്റെ വീട്ടില്‍ ലണ്ടനെ കൊണ്ടുവിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്.
രണ്ടാഴ്ചയോളം സൗത്ത്ഫീല്‍ഡിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നിരുന്ന കാറിലെ പ്ലാസ്റ്റിക് ബിന്നിനുള്ളില്‍ നിന്നാണ് പിന്നീട് ലണ്ടന്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം മറച്ചുവെക്കാനും മൃതദേഹം കടത്താനും ചാര്‍ല പെന്‍ഡര്‍ഗ്രാസ് തന്റെ ഒരു സുഹൃത്തിന്റെ സഹായം തേടിയതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. മുദ്രവെച്ച പ്ലാസ്റ്റിക് ബിന്‍ മാറ്റാന്‍ ഇവര്‍ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, തടഞ്ഞുവെക്കല്‍ (Unlawful imprisonment), തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
'നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. എന്റെ മകളുടെ ആത്മാവിന് ഇനി സമാധാനമായി വിശ്രമിക്കാം,' എന്ന് ലണ്ടന്റെ പിതാവ് സെഡ്രിക് സാലിസ്ബറി പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ലണ്ടന്റെ മുത്തശ്ശിയും ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ലണ്ടന്റെ മരണത്തില്‍ പങ്കില്ലെന്നുമാണ് പ്രതികളുടെ അഭിഭാഷകര്‍ വാദിക്കുന്നത്. പ്രോസിക്യൂഷന് തങ്ങള്‍ക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും ഇവര്‍ അവകാശപ്പെട്ടു..