
ലൂസിയാന: മിനിയാപോളിസില്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്റ് നടത്തിയ വെടിവെപ്പില്‍ 37 കാരനായ അലക്‌സ് ജെ. പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലപാടിനെ തള്ളി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡി രംഗത്തെത്തി. സംഭവത്തില്‍ സംസ്ഥാന-ഫെഡറല്‍ തലങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ലൂസിയാനയില്‍ നിന്നുള്ള സെനറ്ററായ അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച സൗത്ത് മിനിയാപോളിസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) നടത്തിയ ഓപ്പറേഷനിടെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട വ്യക്തി തോക്കുമായി ഉദ്യോഗസ്ഥരെ നേരിട്ടുവെന്നും, സ്വയം രക്ഷാര്‍ത്ഥമാണ് ഏജന്റ് വെടിവെച്ചതെന്നും ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി.
ഐ.സി.ഇ , ഡി.എച്ച്.എസ് എന്നീ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും അന്വേഷണം വേണമെന്നുമാണ് ബില്‍ കാസിഡി എക്‌സില്‍ കുറിച്ചത്.
പ്രാദേശിക പോലീസ് പിന്തുണ നല്‍കാത്തതിനാലാണ് ഫെഡറല്‍ ഏജന്റുമാര്‍ക്ക് സ്വയം സംരക്ഷിക്കേണ്ടി വന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. പ്രാദേശിക ഭരണകൂടം പോലീസിനെ പിന്‍വലിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
സെനറ്റര്‍ കാസിഡിയും ട്രംപും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുതിയതല്ല. 2021-ല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ച റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാളാണ് കാസിഡി. വരാനിരിക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ കാസിഡിക്കെതിരെ ജൂലിയ ലെറ്റ്ലോയെ ട്രംപ് പിന്തുണച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് മിനസോട്ടയില്‍ നിന്ന് ഐ.സി.ഇ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ആമി ക്ലോബുച്ചര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് തിരിച്ചടിച്ചു.