
അത്യുഗ്രമായ തണുപ്പ് കൊണ്ടുവന്ന ഫേൺ ശീതക്കാറ്റിൽ യുഎസ് മരവിക്കുമ്പോൾ നോർത്ത്ഈസ്റ്റ് മേഖല മഞ്ഞുവീഴ്ചയിൽ യാത്രകൾ റദ്ദാക്കി. കാറ്റു കടന്നു പോയ ഇടങ്ങളിൽ ആയിരങ്ങൾ വൈദ്യുതി നഷ്ടപ്പെട്ട ദുരിതം കൂടി നേരിട്ടു.
ഒൻപതു മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൂസിയാനയിൽ രണ്ടു പേർ തണുപ്പിന്റെ കാഠിന്യം കൊണ്ടു മരിച്ചെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ടെക്സസിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയെന്നു ഓസ്റ്റിൻ സിറ്റി അധികൃതർ പറഞ്ഞു.
ന്യൂ യോർക്കിൽ ആറു പേർ മരിച്ചതായി മേയർ സോഹ്രാൻ മാംദാനി സ്ഥിരീകരിച്ചു.
നോർത്ത്ഈസ്റ്റിൽ ബ്രിജ്‌പോർട്ട്, കണക്റ്റിക്കറ്റ്, ന്യൂ ജേഴ്‌സി, എന്നിവിടങ്ങളിൽ 13 ഇഞ്ച് വരെ മഞ്ഞു വീണു. പെൻസിൽവേനിയയിലെ മിഡ്‌ലാൻഡിൽ 15 ഇഞ്ച് ആയി.
വാഷിംഗ്‌ടൺ, ഫിലാഡൽഫിയ എന്നിവിടങ്ങളിലായി 11,000 ലേറെ ഫ്ലൈറ്റുകൾ ഞായറാഴ്ച്ച റദ്ദാക്കപ്പെട്ടു.
ന്യൂ യോർക്കിൽ ഞായറാഴ്ച്ച രാവിലെ മഞ്ഞു ഒരടിയോളം ഉയർന്നു. സെൻട്രൽ പാർക്കിൽ ഞായറാഴ്ച്ച ഉച്ചയോടെ 7.2 ഇഞ്ച് എത്തി.
ശീതക്കാറ്റ് തിങ്കളാഴ്ച്ച ഉച്ച വരെ നീളുമെന്ന് നാഷണൽ വെതർ സർവീസ് പറയുന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഞ്ഞുമഴ പ്രതീക്ഷിക്കുന്നു.
സ്കൂളുകൾ അടച്ചു
ഷവലുമായി മഞ്ഞുനീക്കുന്ന ജോലികൾക്കു ഇറങ്ങിയ മാംദാനി, തിങ്കളാഴ്ച്ച മുതൽ സ്കൂളുകൾ അടച്ചിടുകയാണെന്നു പ്രഖ്യാപിച്ചു. ഓൺലൈൻ പഠനം ഉണ്ടായിരിക്കും.
ഒരാഴ്ചയായി നഗര ഭരണകൂടം ഒരുക്കങ്ങൾ ചെയ്തു വരികയായിരുന്നുവെന്നു മാംദാനി പറഞ്ഞു.
1,100 സ്കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ 500,000 വിദ്യാർഥികൾ വീടുകളിൽ ഐപാഡും ലാപ്ടോപ്പുമായി പഠിക്കാനിരിക്കും. സുരക്ഷയ്ക്കു വേണ്ടിയാണു നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
അപകടകരമായ ശൈത്യം
മരവിക്കുന്ന തണുപ്പ് തെക്കൻ മേഖലകളിൽ 200 മില്യനോളം പേർക്ക് ഭീഷണിയായി. ഡാളസ്, അര്കൻസോ, എന്നിവിടങ്ങളിൽ താപനില 6 ഡിഗ്രിയിലേക്കു താഴ്ന്നപ്പോൾ ഒക്ലഹോമ സിറ്റിയിൽ മൈനസ് മൂന്നും സെന്റ് ലൂയിസിൽ മൈനസ് രണ്ടുമായി താഴ്ന്നു. നാഷ്‌വിലിൽ 15.
സൗത്തിൽ പതിനായിരങ്ങൾക്കാണ് വൈദ്യുതി നഷ്ടമായത്.
അപകടകരമായ തണുപ്പ് നോർത്ത്ഈസ്റ്റിലും എത്തി. ന്യൂ യോർക്ക് സിറ്റിയിൽ 6 ഡിഗ്രിയിലേക്കു താഴ്ന്നപ്പോൾ ബഫലോയിൽ ഒരു ഡിഗ്രിയായി.
ന്യൂ ജേഴ്സിയിൽ 12 ഇഞ്ച് സ്നോ വീണു. റിഡ്‌ജ്‌ഫീൽഡിൽ 12 ഇഞ്ച്, ബ്രോങ്ക്‌സിൽ 11.
US reports 9 deaths in big chill