Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

Published on 25 January, 2026
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. മമ്മൂട്ടിയും ടൊവീനോയും ആസിഫ് അലിയും സൗബിനും ഉള്‍പ്പെടെ 51 ജേതാക്കള്‍ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കേരള സര്‍ക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്ര പ്രതിഭകള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്‌മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ്. ദേശീയ പുരസ്‌കാരവേളയിൽ തഴയപ്പെട്ട ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായി നടത്തിയ ഞെട്ടിക്കുന്ന പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെഎസ് ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയും ചടങ്ങിൽ പ്രധാന ആകർഷണമായി. 

ചലച്ചിത്ര അവാര്‍ഡുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പുസ്‌തകത്തിൻ്റെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജിആര്‍ അനിലിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ റസൂല്‍ പുക്കുട്ടി ആമുഖഭാഷണം നടത്തി. ജൂറി ചെയര്‍പേഴ്‌സണും നടനുമായ പ്രകാശ് രാജ് ചലച്ചിത്രവിഭാഗം ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് ആണ് ജെസി ഡാനിയേല്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

അഡ്വ വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ വിവി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദര്‍ശിനി, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ്, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കര, കെഎസ്എഫ്‌ഡിസി ചെയര്‍പേഴ്‌സണ്‍ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി അജോയ്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജിഎസ് വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക