
കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂലിൽ മുൻ കാമുകനോടുള്ള പക തീർക്കാൻ അയാളുടെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയായ എം. ശോഭ റാണി (38) ആണ് പിടിയിലായത്. മുൻ കാമുകനായ ഡോക്ടർ ചരണിന്റെ ഭാര്യ ഡോ. ശാന്തിയെയാണ് ഇവർ അപായപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:പ്രതിയായ ശോഭ റാണിയും ഡോക്ടർ ചരണും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ചരൺ ശാന്തിയെ വിവാഹം കഴിച്ചു. ഇതിൽ പ്രകോപിതയായ ശോഭ റാണി ദമ്പതികളുടെ ജീവിതം തകർക്കാൻ പദ്ധതിയിടുകയായിരുന്നു.
ഒരു ലാബ് സാങ്കേതിക വിദഗ്ധയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ശോഭ റാണി ഡോ. ശാന്തിയെ സമീപിച്ചത്. പരിശോധനയുടെ ഭാഗമായി രക്തം ശേഖരിക്കാനെന്ന വ്യാജേന, താൻ നേരത്തെ കരുതിയിരുന്ന എച്ച്‌ഐവി ബാധിത രക്തം ഡോക്ടറുടെ ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു. കുത്തിവെപ്പിന് പിന്നാലെ സംശയം തോന്നിയ ശാന്തി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്തു.
എച്ച്‌ഐവി ബാധിതനായ ഒരാളിൽ നിന്ന് പണം നൽകിയാണ് ശോഭ റാണി രക്തം സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഡോ. ശാന്തി നിലവിൽ പ്രതിരോധ ചികിത്സകൾക്ക് വിധേയയായി വരികയാണ്.