
മണിപ്പൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷ പരിഗണിച്ച് ഐടി മന്ത്രാലയമാണ് മെറ്റ, യൂട്യൂബ്, ഗൂഗിൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവ് നൽകിയത്. ക്രൂരമായ ഈ കൊലപാതകത്തിന്റെ വീഡിയോ പ്രചരിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുമെന്നും പുതിയ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും വിലയിരുത്തിയാണ് നടപടി.
മെയ്തി സമുദായ അംഗമായ മയാങ്ലംബം ഋഷികാന്ത സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുക്കി വനിതയെ വിവാഹം കഴിച്ച ഇദ്ദേഹം, കലാപത്തിന് ശേഷം നേപ്പാളിലെ ജോലി ഉപേക്ഷിച്ച് അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരു മാസമായി ചുരാന്ദ്പൂരിലെ ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്ന ഇദ്ദേഹത്തെയും ഭാര്യയെയും ബുധനാഴ്ച തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് യുവാവ് ജീവനായി കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊലപാതക വിവരം പുറത്തുവന്നതോടെ മണിപ്പൂരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മണിപ്പൂർ ഹൈക്കോടതിയും സമാനമായ രീതിയിൽ വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. സമാധാനം നിലനിൽക്കുന്ന ഗ്രാമങ്ങളിൽ തീവ്രവാദികൾ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ സംസ്ഥാനത്ത് വീണ്ടും സംഘർഷങ്ങൾ പടർത്താൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. കുക്കി സംഘടനകളുടെ അനുമതിയോടെയാണ് യുവാവ് ഗ്രാമത്തിൽ താമസിച്ചിരുന്നതെങ്കിലും തീവ്രവാദികൾ അത് വകവെക്കാതെ കൊലപാതകം നടത്തുകയായിരുന്നു.