
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കാൻ എത്തിയ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തിയ ഇരുനേതാക്കൾക്കും ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി രാജ്യം ആദരിച്ചു.
ഔദ്യോഗിക സന്ദർശനത്തിനായി വിമാനത്താവളത്തിലെത്തിയ അന്റോണിയോ കോസ്റ്റയെ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം 'വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും പങ്കാളിത്തം' ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ (X) കുറിച്ചു.
രണ്ട് പ്രധാന യൂറോപ്യൻ സ്ഥാപനങ്ങളുടെ തലവന്മാർ ഒരേസമയം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി എത്തുന്നത് ഇന്ത്യ-യൂറോപ്പ് ബന്ധത്തിലെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിദേശ നേതാക്കളുടെ സന്ദർശന വേളയിൽ, വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെക്കുന്ന വ്യാപാര-മൊബിലിറ്റി കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിങ്ങിലൂടെ തൊഴിൽ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയായെന്നും വിദേശ നിക്ഷേപത്തിൽ വൻ വർധനവുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.