
കണ്ണൂര്‍: പയ്യന്നൂര്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത ശേഷം പുറത്താക്കല്‍ നടപടിയില്‍ അന്തിമ തീരുമാനമുണ്ടാകും.
അതേസമയം, നേതാക്കള്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്‍. തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ കൃത്യമായ തെളിവുണ്ട്. അത് പുറത്തുവിടണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ധനരാജിന്റെ വീടിനായി മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. അതില്‍ ചില സംശയങ്ങളുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി വ്യക്തമായി. ഇതേ അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തി. അത് ഒരു കണക്കിലും പെടുത്തിയിട്ടില്ല. ഇതിന് പുറമേ ഒരു രണ്ട് ലക്ഷം രൂപയുടെ കണക്കും കാണാം. ഇത് എന്തിന് ചെലവഴിച്ചു എന്ന് വ്യക്തമല്ല. ആ ഇടപാട് നടന്നിരിക്കുന്നതും ചെക്ക് വഴിയാണ്. ചെക്ക് പരിശോധിച്ചപ്പോള്‍ അന്നത്തെ ഏരിയാ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായതെന്ന് മനസിലായി. അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.