
ന്യൂഡൽഹി: രാജ്യത്തെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവന, സ്തുത്യർഹ സേവന മെഡലുകൾ പ്രഖ്യാപിച്ചു. കേരള പൊലീസിനും മറ്റ് സേനാ വിഭാഗങ്ങൾക്കും മികച്ച നേട്ടമാണ് ഇത്തവണ കൈവരിക്കാനായത്. ആകെ 928 മെഡലുകളാണ് രാജ്യത്തുടനീളം പ്രഖ്യാപിച്ചിരിക്കുന്നത്.
വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അര്‍ഹരായിരിക്കുന്നത്. കേരള പൊലീസിൽ നിന്ന് എസ്‌പി ഷാനവാസ് അബ്ദുൾ സാഹിബും കേരള ഫയർ സർവീസിലെ സ്റ്റേഷന്‍ ഫയര്‍ ഓഫിസറായ എൻ രാജേന്ദ്രനാഥും. മികച്ചതും നിസ്വാർഥവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കേരള പൊലീസിലെ പത്ത് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടി. ആഭ്യന്തര മന്ത്രാലയം ഡോയിൻ്റ് ഡയറക്ടര്‍മാരായ ഐ ബി റാണി, കെ വി ശ്രീജേഷ് എന്നിവരും വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.
എഎസ്‌പി എ പി ചന്ദ്രന്‍, എസ്ഐ ടി സന്തോഷ്കുമാര്‍, ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രന്‍, എസി പി ടി അഷ്റഫ് തെങ്ങാലക്കണ്ടിയില്‍, ഡിവൈഎസ്‌പി ഉണ്ണികൃഷ്ണന്‍ വെളുത്തേടന്‍, ഡിവൈഎസ്‌പി അനില്‍ കുമാര്‍ ടി, ഡിവൈഎസ്‌പി ജോസ് മത്തായി, ഡിവൈഎസ്‌പി മനോജ് വടക്കേവീട്ടില്‍, എസിപി പ്രേമാനന്ദ കൃഷ്ണന്‍, എസ്ഐ പ്രമോദ് ദാസ് എന്നിവരാണ് കേരള പൊലീസില്‍നിന്ന് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥര്‍. കേരള ഫയര്‍ഫോഴ്സില്‍നിന്ന് എ എസ് ജോഗി, കെ എ ജാഫര്‍ഖാന്, വി എന്‍ വേണുഗോപാല്‍ എന്നിവരും ജയില്‍ വകുപ്പില്‍നിന്ന് ടി വ രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍ എന്നിവരും അര്‍ഹരായിട്ടുണ്ട്.
പൊലീസിന് പുറമെ കേരള ഫയർഫോഴ്സിൽ നിന്നും ജയിൽ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായിട്ടുണ്ട്. ജില്ലാ ഫയര്‍ ഓഫിസര്‍ എ എസ് ജോഗി, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ കെ എ ജാഫർ ഖാനും വി എൻ വേണുഗോപാലും ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി. വി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാർ എന്നിവര്‍ക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡല്‍ ലഭിക്കും.
രാജ്യത്തെ ക്രമസമാധാന പാലനത്തിലും സുരക്ഷാ ചുമതലകളിലും കാഴ്ചവെച്ച മികച്ച പ്രകടനത്തിനുള്ള ഔദ്യോഗിക അംഗീകാരമായാണ് ഈ മെഡലുകൾ കണക്കാക്കപ്പെടുന്നത്. ഇന്ന് വൈകിട്ടോടെ സൈനിക മെഡലുകളും പ്രഖ്യാപിക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമാണ് നാളെ വരുന്നത്. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവര്‍ക്ക് അടക്കമുള്ള അംഗീകാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.