
മിനിയപോളിസിൽ കൊല്ലപ്പെട്ട അലക്‌സ് പ്രെറ്റിയുടെ മാതാപിതാക്കൾ ആ മരണം തങ്ങളുടെ ഹൃദയം തകർത്തുവെന്നു ചൂണ്ടിക്കാട്ടി. പ്രെറ്റിയെ ആയുധമേന്തിയ അക്രമിയെന്നു ചിത്രീകരിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനെ മൈക്കൽ പ്രെറ്റിയും സൂസൻ പ്രെറ്റിയും അപലപിച്ചു.
"ദുഖിതരാണെങ്കിലും അവരുടെ സമീപനം ഞങ്ങളെ രോഷം കൊള്ളിക്കയും ചെയ്യുന്നു," അവർ പറഞ്ഞു. "അലക്സ് മനസലിവുള്ള മനുഷ്യനായിരുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഏറെ കരുതലുള്ളവൻ. മിനിയപോളിസ് വെറ്ററൻ അഫെയേഴ്സ് ഹോസ്പിറ്റലിൽ അവൻ പരിചരിച്ചിരുന്ന അമേരിക്കൻ സൈനികരെ കുറിച്ചും അവനു ഏറെ കരുതൽ ഉണ്ടായിരുന്നു.
"അലക്സ് വ്യത്യസ്തനായിരുന്നു. ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഏജന്റുമാർ അവനെ ആക്രമിച്ചത്."
ഫെഡറൽ ഏജന്റുമാർ പച്ചക്കള്ളമാണ് പറയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഹോംലാൻഡ് സെക്യൂരിറ്റി പറയുന്ന അവകാശവാദങ്ങൾ മനസ് മടുപ്പിക്കുന്ന നുണകളാണ്.
"വലതു കൈയിൽ ഫോൺ പിടിച്ചു ഇടതു കൈ ഉയർത്തി സ്ത്രീയെ രക്ഷിക്കാൻ ശബ്ദം ഉയർത്തുന്ന വീഡിയോ വ്യക്തമാണ്. അവന്റെ കൈയ്യിൽ ആയുധമില്ല. എല്ലാവരെയും പെപ്പർ സ്പ്രേ അടിച്ചു വീഴ്ത്തുകയാണ് ഐസ് ചെയ്തത്."
അമേരിക്കൻ നഗരങ്ങളിൽ ഭീകര വാഴ്ച്ച നടത്തുന്ന ഫെഡറൽ ഏജൻസി ഐസിനെ അടച്ചു പൂട്ടണമെന്നു ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി ആവശ്യപ്പെട്ടു. ശനിയാഴ്ച്ച മിനിയപോളിസിൽ യുവാവിനെ വെടിവച്ചു കൊന്നതു ചൂണ്ടിക്കാട്ടി മാംദാനി പറഞ്ഞു: "അമേരിക്കയുടെ പല ഭാഗങ്ങളിലും പതിനായിരങ്ങൾ ഐസ് അഴിച്ചു വിടുന്ന അതിക്രമത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ ഫെഡറൽ ഏജന്റുമാർ ഇന്നു മിനിയപോളിസിൽ ഒരാളെ കൂടി വെടിവച്ചു കൊന്നു.
"ഐസ് നമ്മുടെ നഗരങ്ങളിൽ ഭീകരത അഴിച്ചു വിടുകയാണ്. ഐസ് നമ്മളെയെല്ലാം അപകടത്തിൽ പെടുത്തുകയാണ്. ഐസിനെ പിരിച്ചു വിടണം."
Mamdani wants ICE abolished