
ഒഡീഷയിലെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് നല്‍കാന്‍ കേക്കുമായി വീടുകള്‍ കയറുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുകയാണെന്നും ക്രിസ്തുമസ് കാലത്ത് ക്രിസ്ത്യന്‍പള്ളിയില്‍ പോയി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം തടയുന്ന കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നും അദ്ദേഹം വിമർശിച്ചു.ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവും ഫാസിസത്തിന്റെ ക്രൂരമുഖവുമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. സംഘപരിവാറിന്റെ പോഷക സംഘടനയായ ബജരംഗദളിന്റെ പ്രവര്‍ത്തകര്‍ ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവച്ചുമര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം പ്രാകൃതവും, മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണും അദ്ദേഹം കുറിച്ചു.
ജനുവരി നാലിലാണ് മതപരിവർത്തനം ആരോപിച്ച ഒഡീഷയിലെ ഒരു പാസ്റ്റർറെ 40 ഓളം വരുന്ന ബജരംഗ് പ്രവർത്തകർ ചേർന്ന് ക്രൂരമായി ആക്രമിച്ചത്.
മതവിശ്വാസം പുലര്‍ത്തുക, അത് പ്രചരിപ്പിക്കുക, ആചരിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. മുസ്ലീം ക്രൈസ്തവ ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങള്‍ 2014 നു ശേഷം ഇന്ത്യയില്‍ നടമാടുകയാണെന്നും ബിജെപി ഭരണകൂടങ്ങള്‍ അതിന് ഒത്താശചെയ്യുന്നെന്നും അദ്ദേഹം ആരോപിച്ചു.ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.