
തിരുവനന്തപുരം : കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയായ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു കസ്റ്റഡിയിൽ.
സംസ്ഥാനത്തിന് പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നെയ്യാറ്റിൻകരയിൽ നിന്നാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത്. വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ജനുവരി നാലിന് വൈകിട്ട് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ എം.രജിത്ത് (41) ഭാര്യ അംബിക (36) എന്നിവർ മരിച്ചത്.
അപകടത്തിൽ ദമ്പതികൾ മരിച്ച് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അപകടസമയത്ത് ജീപ്പ് ഓടിച്ചിരുന്നത് വിഷ്ണു ആണോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും ഇവരെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായി എന്നാണ് മരിച്ച ദമ്പതിമാരുടെ ബന്ധുക്കളുടെ ആരോപണം. അപകടത്തിന് പിന്നാലെ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വീഴ്ചയുണ്ടായതിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്‌തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി, സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു കണ്ടെത്തൽ.