Image

അരൂരും കായംകുളവും വിട്ട് നൽകാതെ ബിഡിജെഎസ് ; വട്ടിയൂര്‍ക്കാവ് സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രനും ; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഈ മാസം പുറത്തിറക്കിയേക്കും

Published on 24 January, 2026
അരൂരും കായംകുളവും വിട്ട് നൽകാതെ ബിഡിജെഎസ് ; വട്ടിയൂര്‍ക്കാവ് സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രനും ; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഈ മാസം പുറത്തിറക്കിയേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രനും. ആലപ്പുഴ ജില്ലയിലെ അരുരോ, കായംകുളത്തോ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ഈ രണ്ട് സീറ്റുകളും വിട്ട് നല്‍കാന്‍ ബിഡിജെഎസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. എറണാകുളം ജില്ലയിലെ ആറ് മണ്ഡലങ്ങള്‍ പുതുതായി എന്‍ഡിഎയിലെത്തിയ ട്വന്റി20 നല്‍കാനും സാധ്യതയുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക 27നോ, 28നോ പുറത്തിറക്കുമെന്നാണ് വിവരം.

ബിജെപിയുടെ വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവും. വട്ടിയൂര്‍ക്കാവിനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും പാലക്കാടിനൊപ്പം പരിഗണനയിലുണ്ട്. ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയെ പരിഗണിക്കുമോയെന്നും കണ്ടറിയണം. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള സന്നദ്ധത നടന്‍ ജി കൃഷ്ണകുമാറും അറിയിച്ചിട്ടുണ്ട്.

നേമത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വി മുരളീധരന്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ മത്സരിക്കാനാണ് സാധ്യത. 2021ല്‍ എന്‍ഡിഎ നാലാം സ്ഥാനത്തായ കുന്നത്ത്‌നാട്, പെരുമ്പാവൂര്‍. കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍, കൊച്ചി എന്നീ മണ്ഡലങ്ങളിലാകും ട്വന്റി20 മത്സരിക്കുക. ഇവിടെയെല്ലാം മൂന്നാം സ്ഥാനത്തായിരുന്നു ട്വന്റി 20.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, സഹചുമതലയുള്ള ശോഭ കരന്തലജെ എന്നിവര്‍ അടുത്ത ആഴ്ച എത്തുന്നതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകും. ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുണ്ടായേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക