
കാഡോ കൗണ്ടി(ഒക്ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരന്‍ റയാന്‍ 'ആര്‍ജെ' ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുട്ടിയുടെ അമ്മ കിംബെര്‍ലി കോള്‍, രണ്ടാനച്ഛന്‍ ജോര്‍ജ്ജ് കോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിശു പീഡനം, ലൈംഗിക അതിക്രമം, അവഗണന തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11-നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ജയിലില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛനായ ജോര്‍ജ്ജ് കോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജോര്‍ജ്ജ് കോളിന് 25 ലക്ഷം ഡോളര്‍ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കര്‍ശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു..