
അനധികൃത കുടിയേറ്റക്കാരെ വേട്ടയാടുന്ന ഐസ് മിനസോട്ടയിൽ അഞ്ചു വയസുകാരനായ പ്രീസ്കൂൾ കുട്ടിയെ പിതാവിനൊപ്പം തടങ്കലിലാക്കിയതിനെതിരെ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിന് സമീപമുള്ള കൊളംബിയ ഹൈറ്റ്‌സിൽ, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടൻ ഐസ് ഏജന്റുമാർ ലിയം റാമോസിനെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
"ലിയാം വെറുമൊരു കുഞ്ഞാണ്, അവൻ കുടുംബത്തോടൊപ്പം വീട്ടിൽ ഇരിക്കേണ്ട നേരത്താണ് ജയിലിൽ കിടക്കുന്നത്," മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എക്‌സിൽ ചൂണ്ടിക്കാട്ടി.
"പിതാവിനെ പിടിക്കാൻ ഇരയായാണ് അവനെ പിടിച്ചു കൊണ്ടു പോയി ടെക്സസ് ജയിലിൽ അടച്ചത്. എനിക്ക് രോഷമടക്കാൻ കഴിയുന്നില്ല."
2024ൽ എക്വഡോറിൽ നിന്നു വന്ന കുടുംബത്തിലെ അംഗമാണ് ലിയാം എന്നു അഭിഭാഷകൻ മാർക് പ്രോകോഷ് പറഞ്ഞു. അച്ഛന്റെയും മകന്റെയും അഭയ അപേക്ഷ നിലവിലുണ്ട്. "അവർ ഇല്ലീഗൽസ് അല്ല. അവർ നിയമാനുസൃതം വന്നവർ തന്നെയാണ്."
പിതാവ് അഡ്രിയാൻ കുട്ടിയെ ഇട്ടിട്ടു ഓടിപ്പോയതു കൊണ്ടാണ് അവനെ മാത്രമായി അറസ്റ്റ് ചെയ്തതെന്നു ഐസ് അധികൃതർ പറയുന്നു. 'അമ്മ അവനെ സ്വീകരിക്കാൻ വിസമ്മതിച്ചെന്നാണ് അവരുടെ ഭാഷ്യം.
കുട്ടിക്കു വേണ്ടി താൻ യാചിച്ചെന്നും ഐസ് വഴങ്ങിയില്ലെന്നും ഒരു അയൽവാസി പറയുന്നുണ്ട്.
സ്കൂൾ ജില്ലാ സൂപ്രണ്ട് സെന സ്റ്റൻവിക് പറഞ്ഞത് ഐസിഇ ഏജന്റ് ലിയമിനെ കാറിൽ നിന്ന് പുറത്തെടുത്ത് വീട്ടുവാതിലിലേക്കു കൊണ്ടുപോയി, “വീട്ടിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ” വാതിൽതട്ടാൻ ആവശ്യപ്പെട്ടെന്നാണ്. “ഒരു അഞ്ചുവയസ്സുകാരനെ ഇരയായി ഉപയോഗിക്കുന്നതുപോലെയാണ് ഇത്,” അവർ പറഞ്ഞു.
കൊളംബിയ ഹൈറ്റ്‌സ് സ്കൂൾ ഡിസ്ട്രിക്ടിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് കുട്ടികളെ ഐസ് തടവിലാക്കിയെന്നു സൂപ്രണ്ട് പറഞ്ഞു.
Outrage mounts against Minnesota child's detention