
ടൊറന്റോ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അസ്ഥി മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെടുന്നതിനാൽ സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലും വടക്കൻ ഒൻ്റാരിയോയുടെ മിക്ക ഭാഗങ്ങളിലും എൻവയൺമെൻ്റ് കാനഡ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അതിശൈത്യകാലാവസ്ഥ കാര്യമായ നാശനഷ്ടങ്ങൾ, തടസ്സങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ഏജൻസി പറയുന്നു.
വാരാന്ത്യത്തിൽ ഈ പ്രദേശങ്ങളിൽ കാറ്റിനൊപ്പം മൈനസ് 45 ഡിഗ്രി സെൽഷ്യസിനും മൈനസ് 50 ഡിഗ്രി സെൽഷ്യസിനുമിടയിൽ താപനില പ്രതീക്ഷിക്കാം. ഒൻ്റാരിയോയുടെ ബാക്കി ഭാഗങ്ങളിലും കെബെക്കിന്‍റെ മിക്ക ഭാഗങ്ങളിലും ഇന്ന് വലിയ ആശ്വാസം ലഭിക്കില്ല. ഈ മേഖലയിൽ കാറ്റും കൂടിച്ചേരുമ്പോൾ തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസിനും മൈനസ് 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ടൊറൻ്റോയിൽ തണുത്ത കാലാവസ്ഥ ആയതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ന്യൂബ്രൺസ്വിക്കിലുടനീളം മൈനസ് 30 ഡിഗ്രി സെൽഷ്യസിനും മൈനസ് 37 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച വരെ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ കൊടുംതണുപ്പായിരിക്കും.