Image

ലണ്ടനിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ ബാരൺ ട്രംപ് പോലീസിനെ വിളിച്ചതായി റിപ്പോർട്ട്

Published on 23 January, 2026
 ലണ്ടനിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ ബാരൺ ട്രംപ് പോലീസിനെ വിളിച്ചതായി റിപ്പോർട്ട്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ  ഇളയമകൻ ബാരൺ ട്രംപ് ലണ്ടനിൽ ഒരു യുവതിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ കോടതിയിൽ. ഫേസ്‌ടൈം വീഡിയോ കോളിലൂടെ യുവതിക്ക് നേരെ നടന്ന മർദനം കണ്ടതിനെ തുടർന്ന്, 19 വയസ്സുകാരനായ ബാരൺ ബ്രിട്ടനിലെ അടിയന്തര സേവന നമ്പറായ 999ലേക്ക് വിളിച്ച് പോലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞത് റഷ്യൻ പൗരനായ 22 വയസ്സുള്ള മാത്വേയ് റുമിയൻത്സെവ് ലണ്ടനിലെ ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിൽ യുവതിയെ ആക്രമിച്ചതു ബാരൺ കണ്ടെന്നാണ്. യുവതിക്ക് ബാരണുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ചൊല്ലിയുള്ള അസൂയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ വാദം.

999 കോളിനിടെ ബാരൺ പറഞ്ഞതായി 'ഡെയിലി മെയിൽ' റിപ്പോർട്ട് ചെയ്ത വാക്കുകൾ കോടതി രേഖകളിലുണ്ട്: “ഒരു പെൺകുട്ടിയിൽ നിന്നാണ് എനിക്ക് കോൾ വന്നത്. അവളെ ഒരാൾ മർദിക്കുകയാണ്. അതീവ അടിയന്തരാവസ്ഥയാണ്.”

യുവതിയെ എങ്ങനെ അറിയാമെന്ന ചോദ്യം വന്നപ്പോൾ, “സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതാണ്. അവൾ ഗുരുതരമായി മർദിക്കപ്പെടുകയാണ്. ഏകദേശം എട്ട് മിനിറ്റ് മുൻപാണ് കോൾ വന്നത്. ഇപ്പോൾ എന്ത് സംഭവിച്ചിരിക്കുമെന്ന് അറിയില്ല,” എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്ന് റിപ്പോർട്ടുണ്ട്.

റുമിയൻത്സെവിന്റെ ഫ്ലാറ്റിൽ നിന്നുള്ള പോലീസ് ബോഡി-ക്യാം ദൃശ്യങ്ങളിൽ, യുവതി ഉദ്യോഗസ്ഥരോട് “ഞാൻ ഡോണൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിന്റെ സുഹൃത്താണ്” എന്ന് പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു.

ട്രംപിന്റെ മകൻ തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നും  ആ കോൾ ദൈവത്തിന്റെ അടയാളം പോലെയായിരുന്നു എന്നുമായിരുന്നു യുവതിയുടെ മൊഴി.

പ്രോസിക്യൂഷൻ വാദമനുസരിച്ച്, റുമിയൻത്സെവ് യുവതിയെ അപമാനകരമായ പദങ്ങൾ ഉപയോഗിച്ച് വിളിക്കുകയും, മുടിയിൽ പിടിച്ച് നിലത്തേക്ക് തള്ളുകയും, വയറ്റിൽ ചവിട്ടുകയും ചെയ്തു. എട്ട് ദിവസം കഴിഞ്ഞ്, ആഴ്‌സൻ എന്ന സുഹൃത്തിനോട് യുവതിക്ക് കത്തയച്ച് പരാതി പിൻവലിക്കാൻ അപേക്ഷിച്ചതായും, യുവതി ആദ്യം മൊഴി പിൻവലിച്ചെങ്കിലും പിന്നീട് അത് തിരുത്തി ആദ്യത്തെ ആരോപണങ്ങൾ ശരിവച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു.

മുൻ എംഎംഎ  ഫൈറ്ററായ റുമിയൻത്സെവിനെതിരെ രണ്ട് ബലാത്സംഗക്കുറ്റങ്ങൾ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

അതേസമയം, യുവതിയുടെ ആരോപണങ്ങൾ അസത്യവും കെട്ടിച്ചമച്ചതുമാണ് എന്നു  പ്രതിഭാഗം അഭിഭാഷകൻ സാഷ വാസ്കെസി വാദിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.

Barron Trump intervened to save woman in London 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക