
ഗാസയിലും മിഡിൽ ഈസ്റ്റിലും സമാധാനം സ്ഥാപിക്കാൻ എന്ന പ്രഖ്യാപനത്തോടെ രൂപം നൽകിയ 'ബോർഡ് ഓഫ് പീസി'ൽ ചേരാൻ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്കു നൽകിയ ക്ഷണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കാർണി ട്രംപിന്റെ നയങ്ങളെ വിമർശിച്ചതും ബോർഡിൽ സ്ഥിരം സീറ്റിനു യുഎസ് നിശ്ചയിച്ച $1 ബില്യൺ നൽകാൻ കാനഡ വിസമ്മതിച്ചതുമാണ് കാരണം.
യുഎന്നു ബദലായി അന്താരാഷ്ട്ര സംഘടന ഉണ്ടാക്കുക എന്ന ലക്‌ഷ്യം കൂടി ഉൾക്കൊള്ളുന്ന ബോർഡിൽ ചേരാൻ സ്‌പെയ്‌നും ഫ്രാൻസും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും തയാറായിട്ടില്ല. ഇ യുവിൽ നിന്നു ഹങ്കറിയും ബൾഗേറിയയും മാത്രമാണ് ചേർന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഉൾക്കൊള്ളിച്ചതിൽ യുകെ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ ക്ഷണം നിരസിച്ചെന്നു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യാഴാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞു. സ്പെയ്ൻ അന്താരാഷ്ട്ര നിയമങ്ങളെയും യുഎനെയും ആദരിക്കുന്നു. പലസ്തീൻ അതോറിറ്റിയെ ഈ ബോർഡിൽ ട്രംപ് ഉൾപ്പെടുത്തിയിട്ടില്ല.
ഫ്രാൻസ് പറയുന്നത് ട്രംപിന്റെ ബോർഡ് അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ്.
ഇസ്രയേലും ഗൾഫ് രാജ്യങ്ങളും ചേർന്നിട്ടുണ്ട്.
ദാവോസിൽ ഉയർന്ന ശബ്ദം
ദാവോസിൽ കാർണി നടത്തിയ ഉജ്വല പ്രസംഗത്തിൽ എടുത്തു പറഞ്ഞത് അമേരിക്ക നേതൃത്വം നൽകുന്ന ലോകം എന്ന ആശയം മണ്ണടിഞ്ഞു എന്നാണ്. ചെറുരാജ്യങ്ങളുടെ മേൽ യുഎസ് സമ്മർദം ചെലുത്തുന്നതിനെ അദ്ദേഹം എതിർത്തു.
അതിനു ട്രംപ് പ്രതികരിച്ചത് ഇങ്ങിനെ ആയിരുന്നു: "യുഎസ് ഉള്ളതു കൊണ്ടാണ് കാനഡ നിലനിൽക്കുന്നത്. ഇനി സംസാരിക്കുമ്പോൾ മാർക്ക് അത് ഓർക്കണം."
കാർണി അതിനു ചുട്ട മറുപടി തന്നെ നൽകി: "കാനഡ ജീവിക്കുന്നത് യുഎസ് ഉള്ളതു കൊണ്ടല്ല, ഞങ്ങൾ കാനഡക്കാർ ആയതു കൊണ്ടാണ്."
ഗാസയുടെ പുനർനിർമാണം ലക്‌ഷ്യം വയ്ക്കുന്നു എന്നു ട്രംപ് അവകാശപ്പെട്ട ബോർഡിന്റെ ചാർട്ടറിൽ പലസ്തീൻ ഭൂപ്രദേശത്തെ കുറിച്ചു തന്നെ പരാമർശമില്ല.
യൂറോപ്യൻ നേതാക്കൾക്ക് ചാർട്ടറിനെ കുറിച്ചു പല സംശയങ്ങളും ഉണ്ടെന്നു ഇ യു മേധാവി അന്റോണിയോ കോസ്റ്റ പറഞ്ഞു.
Trump recalls Board of Peace invitation to Carney