
'തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വി വി രാജേഷ്...' തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ.
പുത്തരിക്കണ്ടം മൈതാനത്തെ ഔദ്യോഗിക പരിപാടിയിൽ വേദിയുടെ അരികിലായിരുന്നു മേയർ വി വി രാജേഷിന്റെ ഇരിപ്പിടം. മുഖ്യമന്ത്രിയും ഗവർണറും അടക്കം നിറഞ്ഞ വേദിയിൽ മേയറെ നേരിട്ട് വന്ന് കൈ കൊടുക്കാൻ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ല. എന്നാൽ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന വി വി രാജേഷ്, തിരുവനന്തപുരത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരുന്നു മോദിയുടെ സുഹൃത്ത് പരാമര്‍ശം. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കൂടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും.
മേയര്‍ വിവി രാജേഷിന്റെ തോളില്‍ തട്ടി സംസാരിച്ചാണ് മോദി വേദിയില്‍ നിന്നും പുറത്തേക്ക് പോയത്.
പിന്നീട് ബിജെപി പരിപാടിയില്‍ വച്ച് വാരിപ്പുണർന്നും തോളിൽ തട്ടിയുമാണ് പ്രധാനമന്ത്രി വി വി രാജേഷിനെ അഭിനന്ദിച്ചത്. ഡെപ്യൂട്ടി മേയർ ആശാനാഥാകട്ടെ നിറകണ്ണുകളോടെ പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങുകയും ചെയ്തു.