
ജയ്പൂര്‍: ജയിലില്‍ മൊട്ടിട്ട പ്രണയം ഒടുവിൽ വിവാഹത്തിലേക്ക്. വ്യത്യസ്ത കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന കാമുകികാമുകന്മാരുടെ കല്യാണത്തിനായി ഇരുവര്‍ക്കും കോടതി 15 ദിവസം അടിയന്തര പരോള്‍ അനുവദിച്ചു.
രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട പുരുഷനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീയും അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവുമാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. നേഹ സേത്ത് എന്ന പ്രിയ സേത്തിനും ഹനുമാന്‍ പ്രസാദിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.
തന്റെ കാമുകനെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രിയ സേത്ത്,. മറ്റൊരു കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഹനുമാൻ പ്രസാദ് എന്ന ജാക്കിനെയാണ് വിവാഹം കഴിക്കുന്നത്
തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള കാമുകിയുടെ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാന്‍ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. പ്രസാദിന്റെ കാമുകി സന്തോഷ് ആല്‍വാറില്‍ തായ്ക്വോണ്ടോ കളിക്കാരിയായിരുന്നു. 2017 ഒക്ടോബര്‍ 2 ന് രാത്രി, ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ അവള്‍ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പ്രസാദ് ഒരു കൂട്ടാളിയുമായി അവിടെയെത്തി കാമുകിയുടെ ഭര്‍ത്താവ് ബന്‍വാരി ലാലിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവനും യാദൃച്ഛികമായി കൊലപാതകത്തിന് സാക്ഷിയായി. പിടിക്കപ്പെടുമെന്ന് ഭയന്ന് അവള്‍ തന്റെ മക്കളെയും അനന്തരവനെയുമടക്കം കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. നാടിനെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊലയായിരുന്നു ഇത്