
ചൈനീസ് ബൈറ്റ്ഡാൻസ് കമ്പനിയുടെ ടിക്‌ടോക് ആപ്പിനു യുഎസിൽ നിരോധനം ഒഴിവാക്കാൻ വ്യാഴാഴ്ച്ച തീർപ്പായ ധാരണ അനുസരിച്ചു അമേരിക്കൻ നിക്ഷേപകർക്ക് നിയന്ത്രണമുളള പുതിയ കമ്പനി നിലവിൽ വരും.
ബൈറ്റ്ഡാൻസിനു പുതിയ കമ്പനിയിൽ 19.9% ഓഹരി മാത്രമേ ഉണ്ടാവൂ. പുതിയ നിക്ഷേപകരിൽ പ്രധാനികൾ സിൽവർ ലെയ്ക്, ഒറക്കിൾ, എമിറേറ്റി നിക്ഷേപകർ എം ജി എക്‌സ് എന്നിവർ ഉൾപ്പെടുന്നു.
ടിക്‌ടോക് ഹെഡ് ഓഫ് ഓപ്പറേഷൻസ് ആഡം പ്രസർ ആയിരിക്കും സി ഇ ഓ.
ടിക്‌ടോക് ഉപയോഗിച്ചു വന്ന 170 മില്യൺ അമേരിക്കക്കാർക്ക് അതേ ആപ് തന്നെ തുടർന്നുപയോഗിക്കാം.
പുതിയ സംവിധാനത്തിൽ യുഎസ് യുസർ ഡാറ്റ ഒറക്കിൾ ആയിരിക്കും സ്റ്റോർ ചെയ്യുക. ടിക്ടോക്കിന്റെ അൽഗോരിതം യുഎസ് കമ്പനിക്കു വിട്ടുകൊടുക്കും.
പുതിയ ഇടപാടിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു. ടിക്‌ടോക് ഉപയോഗിക്കുന്ന മില്യൺ കണക്കിനാളുകൾ അതിനെ രക്ഷിച്ചതിന്റെ പേരിൽ തന്നെ ഓർമിക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മാറ്റത്തെ ചെറുക്കാതെ സഹകരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനു ട്രംപ് പ്രത്യേക നന്ദി പറഞ്ഞു.
ചൈനീസ് കമ്പനിയിൽ നിന്നു വേർപെടുത്തിയാൽ മാത്രമേ യുഎസിൽ ടിക്‌ടോക്കിനു തുടരാൻ കഴിയൂ എന്നു നിഷ്കർഷിക്കുന്ന ബിൽ 2024ൽ കോൺഗ്രസ് പാസാക്കിയത് അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ ആപ് വഴി യുഎസിൽ നിരീക്ഷണം നടത്താൻ കഴിയും എന്നായിരുന്നു ആശങ്ക. എന്നാൽ ട്രംപ് അധികാരമേറ്റ അന്നു തന്നെ ടിക്‌ടോക്കിനു തുടരാൻ കഴിയുന്ന എക്സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ചു.
Trump hails new TikTok deal