
തിരുവനന്തപുരം: റീല്‍സുകളുടെ കാലത്ത് ബസിനുള്ളിലെ റീല്‍സ് ചിത്രീകരണത്തിനെതിരെ കടുത്ത വിര്‍മശനവുമായി ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ളില്‍ റീല്‍സ് ചിത്രീകരണം വേണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍.
ബസിനുള്ളില്‍ മോശമായ പെരുമാറ്റമോ സ്പര്‍ശനമോ ഉണ്ടായാല്‍ തെളിവിന് വേണ്ടി വീഡിയോ എടുക്കാമെന്നും എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ മാനാഭിമാനത്തെ കെടുത്തുന്ന ചിത്രീകരണങ്ങള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. ദീപക് യുവതിയെ ദുരുദ്ദേശത്തോടെ തൊട്ടതായി കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍: കാലം മാറിയെങ്കിലും അഭിമാനം എന്ന് പറയുന്നത് ചിലര്‍ക്കെങ്കിലും പ്രധാനപ്പെട്ടതാണ്. അതിലൊന്നും കൈകടത്തരുത്. ദീപക് ആത്മഹത്യ ചെയ്ത സംഭവം വളരെ കഷ്ടമായിപ്പോയി. കെഎസ്ആര്‍ടിസി ബസിനകത്ത് നല്ല റീല്‍സ് എടുക്കുന്നത് നമുക്കൊരു പബ്ലിസിറ്റിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോ ചിത്രീകരണം വേണ്ട. ഓരോരുത്തര്‍ക്കും അവരവരുടെ പാട്ടും ഡാന്‍സും ഒക്കെ റീല്‍സ് എടുക്കാം. വല്ലവരുടെയും റീല്‍സ് എടുത്ത് ഇടരുത്. ഒരാളില്‍ നിന്ന് മോശമായ സ്പര്‍ശനമോ മറ്റ് അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളോ ഉണ്ടായാല്‍ പരാതി കൊടുക്കാന്‍ വേണ്ടി വീഡിയോ എടുക്കാം. അത് പൊലീസിന് കൈമാറാം. അല്ലാതെ അത് പരസ്യമായി പോസ്റ്റ് ചെയ്ത് ഒരാളുടെ മാനാഭിമാനത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. അതിനോട് യോജിക്കാന്‍ കഴിയില്ല. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. അതിനിടെയാണ് ബസിനുള്ളില്‍ വച്ച് റീല്‍സ് ചിത്രീകരണം വേണ്ടത് ഗതാഗത മന്ത്രി അറിയിച്ചത്.
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നിന്ന് എടുക്കുന്ന റില്‍സുകള്‍ പാട്ടിന്റെയും മറ്റും അകമ്പടിയോടെ എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് വേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്.
ദീപക് മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന യുവതിയുടെ മുഖഭാവത്തെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. ചിരിച്ചുകൊണ്ടാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലൈംഗികതിക്രമം നേരിടുന്ന ഒരാള്‍ ചിരിച്ചു കൊണ്ടായിരിക്കുമോ പ്രതികരിക്കുക എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. യുവാവിന്റെ മരണത്തേക്കാള്‍ ആശങ്കപ്പെടുത്തുന്നത് യുവതിയുടെ ചിരിച്ചുകൊണ്ടുള്ള റീല്‍സ് ചിത്രീകരണം ആണെന്നും പറഞ്ഞു.
ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ വീഡിയോ പകര്‍ത്തിയാലും അത് പൊലീസിന് മാത്രം കൈമാറണമെന്നും ഗതാഗത മന്ത്രി പറയുന്നുണ്ട്. ബസിനുള്ളില്‍ ലൈംഗിക അതിക്രമങ്ങള്‍ നടന്നാല്‍ എന്തു നടപടിയെടുക്കണം എന്ന കാര്യത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ദീപക്കിന്റെ ആത്മഹത്യയെ തുടര്‍ന്ന്, വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.