
കജുരു: വടക്കൻ നൈജീരിയയിൽ വിവിധ പള്ളികളിലായി ഒരേസമയം നടന്ന ആക്രമണങ്ങളിൽ 150-ലധികം പേരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. കജുരു മേഖലയിലുള്ള കുർമിൻ വാലി എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.
തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിൽ വ്യത്യസ്ത കണക്കുകൾ പുറത്തുവരുന്നുണ്ടെങ്കിലും, പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 177 പേരോളം തട്ടിക്കൊണ്ടുപോകപ്പെട്ടു എന്നാണ്.
"ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 177 പേരെയാണ് കാണാതായത്. ഇതിൽ 11 പേർ തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽ 168 പേരെ ഇനിയും കണ്ടെത്താനുണ്ട്." സംഭവത്തെക്കുറിച്ച് പ്രദേശത്തെ പാർലമെന്റ് അംഗം ഉസ്മാൻ ദൻലാമി സ്റ്റിംഗോ പ്രതികരിച്ചത് ഇപ്രകാരമാണ്.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ ചെയർമാൻ റവ. ജോൺ ഹയാബ് നൽകുന്ന വിവരമനുസരിച്ച് 172 വിശ്വാസികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒൻപത് പേർ പിന്നീട് രക്ഷപ്പെട്ടതായും ബാക്കി 163 പേർ ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.
അത്യാധുനിക ആയുധങ്ങൾ ധരിച്ചെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കൃത്യമായ എണ്ണം പോലീസ് ഇപ്പോഴും തിട്ടപ്പെടുത്തിവരികയാണ്.
പ്രദേശം വളരെ ഒറ്റപ്പെട്ടതാണെന്നും റോഡുകളുടെ ശോചനീയാവസ്ഥ കാരണം അവിടെ എത്തിച്ചേരുക പ്രയാസമാണെന്നും പോലീസ് വക്താവ് പറഞ്ഞു. ഇതാണ് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ കാലതാമസം നേരിടാൻ കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
photo courtesy; sky news