Image

ഗുജറാത്തിലെ സൂററ്റിൽ കൂറ്റൻ ജലസംഭരണി വെള്ളം നിറച്ചപ്പോൾ തകർന്നു വീണു: ഉദ്ഘാടനത്തിന് മുൻപേ 21 കോടി വെള്ളത്തിൽ

Published on 21 January, 2026
ഗുജറാത്തിലെ സൂററ്റിൽ  കൂറ്റൻ ജലസംഭരണി വെള്ളം നിറച്ചപ്പോൾ തകർന്നു വീണു:  ഉദ്ഘാടനത്തിന് മുൻപേ 21 കോടി വെള്ളത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച കൂറ്റൻ ജലസംഭരണി പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ തകർന്നു വീണു. സൂറത്തിലെ മാണ്ഡ്വി താലൂക്കിലുള്ള തഡ്കേശ്വർ ഗ്രാമത്തിൽ ജനുവരി 19-നാണ് സംഭവം. 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഉദ്ഘാടനത്തിന് മുൻപേ ചീട്ടുകൊട്ടാരം പോലെ തകർന്നത്.

11 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീഴുന്നത് നിർമ്മാണത്തിലെ അഴിമതിയുടെ തെളിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ടാങ്ക് തകർന്നുവീണ അപകടത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. 21 കോടി രൂപയുടെ പൊതുപണം ചെലവിട്ട പദ്ധതിയുടെ കരാർ ജയന്തി സ്വരൂപ് എന്ന ഏജൻസിക്കായിരുന്നു.

സംഭവത്തിൽ വിശദമായ സാങ്കേതിക അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ് ചൗധരി പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക