
സിനിമാ മേഖലയിലെ വനിതകള്‍, തങ്ങള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് പറയുന്ന വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കുക്കു പരമേശ്വരന്‍ നിരപരാധിയെന്ന് അമ്മ സംഘടന. മെമ്മറി കാര്‍ഡ് കുക്കുവിന്റെ കൈയിലാണുള്ളതെന്നും, ഇത് എവിടെയെന്ന് കുക്കു പറയണമെന്നുമായിരുന്നു സംഘടനയിലെ ചിലര്‍ ആവശ്യമുന്നയിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണമാരംഭിച്ച അഞ്ചംഗം ആഭ്യന്തര അന്വേഷണസമിതി കുക്കുവിന് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അമ്മ ചെയര്‍പേഴ്‌സണ്‍ ശ്വേതാ മേനോന്‍ പറഞ്ഞു.
ഈ മെമ്മറി കാര്‍ഡ് അന്തരിച്ച നടി കെപിഎസി ലളിതയുടെ കൈയിലാണ് അവസാനമായി ഉണ്ടായിരുന്നതെന്നും, അവര്‍ ഇപ്പോള്‍ നമ്മുടെ കൂടെ ഇല്ലാത്തതിനാല്‍ കാര്‍ഡ് എന്ത് ചെയ്‌തെന്ന് അറിയില്ല എന്നും സമിതി അംഗം ജോയ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മീടൂ വിവാദം ഉയര്‍ന്നതിന് പിന്നാലെ അമ്മയിലെ വനിതാ അംഗങ്ങള്‍ വിളിച്ച യോഗത്തിലാണ് നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഈ മെമ്മറി കാർഡ് കാണാതായതോടെയാണ് വിവാദം ആരംഭിച്ചത്. കാര്‍ഡിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പല നടിമാരും ആശങ്കയുയര്‍ത്തിയിരുന്നു.