Image

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാമ്പത്തിക കരാർ വൈകാതെ യാഥാർഥ്യമായേക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് വൻ നേട്ടം

Published on 20 January, 2026
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാമ്പത്തിക കരാർ വൈകാതെ യാഥാർഥ്യമായേക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് വൻ നേട്ടം

ഏറെക്കാലമായി കാത്തിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര സാമ്പത്തിക കരാര്‍ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമായേക്കും. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. അടുത്തയാഴ്ച വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്.

യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ മൊത്തം ജിഡിപിയുടെ നാലില്‍ ഒന്ന് വിഹിതം കരാറില്‍ ഉള്‍പ്പെടുമെന്നതിനാല്‍, 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്. ഇതുവഴി വമ്പന്‍ വിപണി തന്നെ സൃഷ്ടിക്കപ്പെടുന്നതിനോടൊപ്പം ലോകത്തെ ഉല്‍പ്പാദനമേഖലയില്‍ മുന്‍നിരയിലേയ്‌ക്കെത്താനും ഇന്ത്യയ്ക്ക് സാധിക്കും. ചൈനയ്ക്ക് മേലുള്ള അമിത ആശ്രിതത്വം കുറയ്ക്കുകയും, വിശ്വസ്തരായ വ്യാപാര പങ്കാളിയെ ലഭിക്കുകയും ചെയ്യും എന്നതാണ് കരാറിലൂടെ യൂറോപ്യന്‍ യൂണിയന് ലഭിക്കുന്ന ഗുണം.

നിലവില്‍ സാങ്കേതികവിദ്യ, വിതരണ ശൃംഖല മുതലായവയില്‍ ഇന്ത്യയും, യൂറോപ്യന്‍ യൂണിയനും സഹകരിച്ചുവരുന്നുണ്ടെങ്കിലും, ഈ കരാര്‍ പ്രാബല്യത്തിലായാല്‍ അത് ഇരു കക്ഷികളും തമ്മില്‍ ക്ലീന്‍ എനര്‍ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിജിറ്റല്‍ മേഖല മുതലായവയിലും സഹകരണം ഉറപ്പാക്കും. കരാര്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍, വൈന്‍, സ്പിരിറ്റ് മുതലായവയുടെ നികുതി കുറയ്ക്കണമെന്ന് ഇയു ആവശ്യപ്പെടുന്നുണ്ട്. മറുവശത്ത് വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഇയു വിസ നല്‍കുന്നതിലും, യാത്രാ സൗകര്യങ്ങളിലും ഇളവ് നല്‍കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

2007 മുതല്‍ ചര്‍ച്ചയിലുണ്ടെങ്കിലും കരാര്‍ ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. യുഎസ്-ഇയു ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയ്ക്കും, ഇയുവിനും ഒരുപോലെ പ്രധാനപ്പെട്ട കരാറാണ് ഇത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക