
മിഡ്ലാന്‍ഡ് (മിഷിഗണ്‍) : ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത കേസില്‍ 36-കാരിയായ അമാന്‍ഡ കണ്ണിംഗ്ഹാമിന് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. മിഡ്ലാന്‍ഡ് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി സ്റ്റീഫന്‍ കരാസാണ് വിധി പ്രസ്താവിച്ചത്.
തട്ടിപ്പ്: ആറ് വര്‍ഷമായി താന്‍ പരിചരിച്ചിരുന്ന 50 വയസ്സുകാരന്റെ ഫുഡ് സ്റ്റാമ്പ് കാര്‍ഡ് ഉപയോഗിച്ച് അമാന്‍ഡ സ്വന്തം ആവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങി. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പിലൂടെ 2,625 ഡോളര്‍ ഇവര്‍ കൈക്കലാക്കി.
ഭക്ഷണത്തിന് വകയില്ലെന്ന് ഇര പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇരയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ബോധിപ്പിച്ച് അമാന്‍ഡ അയാളുടെ ഗാര്‍ഡിയന്‍മാരെയും കബളിപ്പിച്ചിരുന്നു.
ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയായതിനാലാണ് (Habitual Offender) അമാന്‍ഡയ്ക്ക് കടുത്ത ശിക്ഷ ലഭിച്ചത്. മുന്‍പ് ഫോര്‍ജറി ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ ഇവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
തനിക്ക് രണ്ട് പെണ്‍മക്കളുണ്ടെന്നും തടവുശിക്ഷ ഒഴിവാക്കണമെന്നും അമാന്‍ഡ കോടതിയോട് അപേക്ഷിച്ചു. എന്നാല്‍, നിസ്സഹായനായ ഒരു മനുഷ്യനെ ചൂഷണം ചെയ്തതില്‍ ഇവര്‍ക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നതിനായി തടവുശിക്ഷ അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.