Image

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ

പി.പി ചെറിയാൻ Published on 17 January, 2026
ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.

പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്.

"ഞാൻ അച്ഛനെ കൊന്നു" എന്ന് കുട്ടി മാതാവിനോടും പോലീസിനോടും സമ്മതിച്ചു. വെടിവെക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും അവൻ പോലീസിനോട് പറഞ്ഞു.

നിലവിൽ പെറി കൗണ്ടി ജയിലിൽ കഴിയുന്ന കുട്ടിയെ ജനുവരി 22-ന് കോടതിയിൽ ഹാജരാക്കും. 2018-ലാണ് ഡയറ്റ്‌സും ഭാര്യയും ക്ലൈറ്റണെ ദത്തെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക