Image

ഗാസ സമാധാന പദ്ധതി: സേനയെ അയയ്ക്കാന്‍ താത്പര്യം കാണിച്ച പാക്കിസ്ഥാന് നന്ദി പറഞ്ഞ് മാര്‍ക്ക് റൂബിയോ

Published on 22 December, 2025
ഗാസ സമാധാന പദ്ധതി: സേനയെ അയയ്ക്കാന്‍ താത്പര്യം കാണിച്ച പാക്കിസ്ഥാന് നന്ദി പറഞ്ഞ് മാര്‍ക്ക് റൂബിയോ

വാഷിങ്ടണ്‍: ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്കായി രൂപീകരിക്കുന്ന അന്താരാഷ്ട്ര സേനയില്‍ പങ്കാളികളാകാമെന്ന് വാഗ്ദാനം ചെയ്ത പാക്കിസ്ഥാന് നന്ദി അറിയിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് പാക്കിസ്ഥാന്റെ സന്നദ്ധതയെ സ്വാഗതം ചെയ്തത്. എന്നാല്‍, സേനയെ അയക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെ അയക്കാമെന്ന പാക്കിസ്ഥാന്റെ വാഗ്ദാനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സികള്‍ ചോദിച്ചപ്പോഴാണ് റൂബിയോ നന്ദി രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന ദൗത്യത്തിന് തയ്യാറാണെങ്കിലും ഹമാസിനെ നിരായുധീകരിക്കുക എന്നത് തങ്ങളുടെ ജോലിയല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കി. ഗാസയിലെ സമാധാനത്തിനായി സംഭാവനകള്‍ നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്, എന്നാല്‍ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളിലേക്ക് നീങ്ങാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

ഹമാസിനെ നിരായുധീകരിക്കുക എന്ന ദൗത്യത്തില്‍ പങ്കുചേരുന്നത് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് പല രാജ്യങ്ങളും ഭയക്കുന്നു. അതിനാല്‍ പലരും ഈ സേനയുടെ ഭാഗമാകാന്‍ മടി കാണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗാസ ദൗത്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വരും ആഴ്ചകളില്‍ അമേരിക്ക സന്ദര്‍ശിച്ചേക്കും. ആറ് മാസത്തിനിടെ ട്രംപുമായുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ പദ്ധതി നിലവില്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. ഗാസയുടെ മേല്‍നോട്ടത്തിനായി ഒരു ‘സമാധാന ബോര്‍ഡ്’ രൂപീകരിക്കാനാണ് അമേരിക്കന്‍ നീക്കം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക