
ഇരുപത് വർഷത്തിലേറെ നീണ്ട റെസ്ലിംഗ് കരിയർ അവസാനിപ്പിച്ച് ഡബ്ല്യു ഡബ്ല്യു ഇ താരം ജോൺ സീന. വാഷിംഗ്ടണിൽ ശനിയാഴ്ച നടന്ന അവസാന മത്സരത്തിൽ തോൽവിയോടെയാണ് പ്രേക്ഷരുടെ പ്രിയ താരം കരിയർ അവസാനിപ്പിച്ചത്. സജീവ റെസ്ലിംഗ് കരിയർ അവസാനിപ്പിക്കുമെന്ന് ജോൺ സീന നേരത്തെ വിശദമാക്കിയിരുന്നു.
ഡബ്ല്യു ഡബ്ല്യു ഇയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് ജോൺ സീന. 22ാം വയസിലാണ് ജോൺ സീന ഡബ്ല്യു ഡബ്ല്യു ഇയിൽ എത്തുന്നത്. 2000ത്തിൽ ആയിരുന്നു ജോൺ സീന റെസ്ലിംഗ് ആരംഭിച്ചത്.
അവസാന മത്സരത്തിൽ ജോൺ സീനയുടെ തോൽവി ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു.
ശനിയാഴ്ച ഗുന്തറിനെതിരെയായിരുന്നു സീനയുടെ റിങ്ങിലെ അവസാന മത്സരം. എന്നാൽ താരത്തിന് തോൽവി നേരിടേണ്ടി വന്നു. ഗുന്തർ സീനയെ ടാപ്പ് ഔട്ട് (സറണ്ടർ) ചെയ്യാൻ നിർബന്ധിച്ചു. 20 വർഷത്തിനിടെ സീന ഒരു മത്സരത്തിൽ നിന്ന് ടാപ്പ് ഔട്ട് ആകുന്നത് ഇതാദ്യമായിരിക്കാം.
എതിരാളിയായ ഗുന്തർ ജോൺ സീനയെ സ്ലീപ്പർ ഹോൾഡിൽ കുരുക്കിയതോടെയാണ് ജോൺ സീന തോൽവിക്ക് വഴങ്ങിയത്. തന്റെ ഷൂസും ആം ബാൻഡും അടക്കമുള്ളവ റിംഗിൽ ഉപേക്ഷിച്ചാണ് താരം മടങ്ങിയത്. അവസാന മത്സരത്തിലെ തോറ്റുമടക്കത്തിന് പിന്നാലെ ഡബ്ല്യു ഡബ്ല്യു ഇ ചീഫ് കണ്ടന്റ് ഓഫീസറായ ട്രിപ്പിൾ എച്ചിനെതിരെ ആരാധകരുടെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.