
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ആരാണെന്ന് നടി ഭാമ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ കോടതിയിൽ വന്നപ്പോൾ അവർ മൊഴി മാറ്റിയെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിച്ചു. കോടതിക്ക് മുൻപിൽ വെക്കുന്ന തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് അതിജീവിത പറഞ്ഞാൽ അത് മുഖവിലയ്‌ക്കെടുക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ: "ഭാമ എന്ന പെൺകുട്ടി എന്നോട് പറഞ്ഞതാണല്ലോ, ഇത് ഇന്നയാൾ തന്നെയാണ് ചെയ്തതെന്ന്. എന്നിട്ട് കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട്? എവിടെയൊക്കെ എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം വളരെ വ്യക്തമാണ്. പോലീസിൽ ഒന്നുപറഞ്ഞ് കോടതിക്ക് മുന്നിൽ മറ്റൊന്നു പറയുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് സംശയമുണ്ട്," ഭാഗ്യലക്ഷ്മി പറഞ്ഞു. മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്ന് തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കവേ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും അവർ പറഞ്ഞു. "ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണം," ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
വിചാരണക്കോടതിയുടെ വിധിക്ക് ശേഷം രൂക്ഷ വിമർശനവുമായി അതിജീവിത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. ഒൻപത് വർഷത്തോളം നീതിന്യായ വ്യവസ്ഥയിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട അനീതിയും വിവേചനവുമാണ് പോസ്റ്റിൽ പ്രധാനമായും പറയുന്നത്.
"നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നു," അതിജീവിത കുറിച്ചു. വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാൻ ഇടയായ കാരണങ്ങൾ അതിജീവിത അക്കമിട്ട് നിരത്തി. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചത്, പ്രോസിക്യൂഷനോടുള്ള ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകാതിരുന്നത്, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചത് എന്നിവ നീതിനിഷേധമായി അതിജീവിത ചൂണ്ടിക്കാട്ടി. ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഇനിയും ഉണ്ടാകുമെന്നും, അപ്പീൽ നൽകുമെന്ന സൂചനയും അതിജീവിത നൽകിയിട്ടുണ്ട്.
English summary:
Bhaama Told Me That This Was Done By That Person, But Later Changed Her Statement'; Bhagyalakshmi Says There is Male Dominance in Cinema