Image

ഓസ്ട്രേലിയൻ സർക്കാരിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
 ഓസ്ട്രേലിയൻ സർക്കാരിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം

സിഡ്‌നിയിൽ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓസ്ട്രേലിയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി. ഓസ്‌ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ പ്രഖ്യാപനത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് താൻ അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്നും, ഓസ്ട്രേലിയയുടെ നയം ജൂതവിരുദ്ധതയ്ക്ക് ഇന്ധനം പകരുന്നതായി കത്തിൽ സൂചിപ്പിച്ചിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. നേതാക്കൾ നിശ്ശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ ജൂതവിരുദ്ധത ഒരു അർബുദം പോലെ പടരുമെന്നും അദ്ദേഹം വിമർശിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെ ജൂതരുടെ ഹനൂക്ക ആഘോഷത്തിന്റെ എട്ടാം ദിവസമാണ് കൂട്ടവെടിവയ്പ്പുണ്ടായത്. 12 പേർ കൊല്ലപ്പെടുകയും 29-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് ഒരേ സമയം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തോക്കുധാരികളിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററുകൾ, തീവ്രപരിചരണ യൂണിറ്റുകൾ, പ്രത്യേക ഓപ്പറേഷൻ ടീമുകൾ എന്നിവയുൾപ്പെടെ 26 യൂണിറ്റുകളെ ന്യൂ സൗത്ത് വെയിൽസ് പോലീസ് സംഭവസ്ഥലത്ത് വിന്യസിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഈ സംഭവത്തെ 'ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായത്' എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വിശേഷിപ്പിച്ചത്. പോലീസ് നൽകുന്ന ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനിടെ, പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ 24-കാരനായ നവീദ് അക്രം എന്ന വിദ്യാർത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

English summary: 

Israeli Prime Minister's strong criticism against Australian government over Sydney shooting

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക