Image

അതിജീവിതയ്ക്ക് പിന്തുണയുമായി കെ.കെ. ശൈലജയും വനിതാ ചലച്ചിത്ര പ്രവർത്തകരും

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
അതിജീവിതയ്ക്ക് പിന്തുണയുമായി കെ.കെ. ശൈലജയും വനിതാ ചലച്ചിത്ര പ്രവർത്തകരും

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ ആദ്യ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ മുൻമന്ത്രി കെ.കെ. ശൈലജയും വനിതാ ചലച്ചിത്ര പ്രവർത്തകരും പിന്തുണയുമായി രംഗത്തെത്തി. അതിജീവിതയുടെയും നടി മഞ്ജു വാര്യരുടെയും അഭിപ്രായങ്ങൾ സമൂഹം ശ്രദ്ധിക്കേണ്ടതാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഒരു പെൺകുട്ടിയുടെ ധീരമായ വെളിപ്പെടുത്തലുകൾ ആക്രമിക്കപ്പെടുന്ന മുഴുവൻ പെൺകുട്ടികൾക്കും വേണ്ടിയുള്ളതാണെന്നും, അവൾക്ക് കിട്ടുന്ന നീതി സമൂഹത്തിനാകെ കിട്ടുന്ന നീതിയായിരിക്കുമെന്നും കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ അപ്പീൽ പോകുന്നുണ്ട്, ഉന്നത കോടതിയിൽ നിന്ന് യഥാർത്ഥ നീതി ലഭ്യമാകുമെന്ന് താൻ ആശിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനമാണ് അതിജീവിത ഉന്നയിച്ചത്. ഈ വിധിയിൽ അത്ഭുതമില്ലെന്നും 2020 അവസാനത്തോടെ തന്നെ ചില അന്യായമായ നീക്കങ്ങൾ ബോധ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. നിരന്തരമായ വേദനകൾക്കും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ 'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്ന് തിരിച്ചറിയുന്നു എന്നും അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അഹാന കൃഷ്ണ, ഷഫ്ന, ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസർ സുപ്രിയ മേനോൻ, സയനോര ഫിലിപ്പ്, ലീലാ സന്തോഷ് തുടങ്ങിയ വനിതാ ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തി. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ലെന്നും, എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം ആയിരിക്കുമെന്നും വ്യക്തമാക്കിയാണ് നടി മഞ്ജു വാര്യരും പിന്തുണ അറിയിച്ചത്.

English summary: 

K.K. Shailaja and women film activists support the survivor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക