
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം അർഹിച്ചിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി, ജനങ്ങളെ ബോധിപ്പിക്കേണ്ട വിഷയങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും തിരഞ്ഞെടുപ്പിലെ മുഖ്യ പരിഗണനാ വിഷയമായില്ലെങ്കിലും, ആ കാര്യങ്ങളൊന്നും ഉപേക്ഷിക്കില്ലെന്നും സ്വരാജ് പറഞ്ഞു.
ജനവിധി അംഗീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം, ഏതേത് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണെന്നും കൂട്ടിച്ചേർത്തു. പവർ കട്ടും ലോഡ് ഷെഡിംഗും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരെയും, പരീക്ഷക്കാലത്ത് പാഠപുസ്തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചുവരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരെയും തങ്ങൾ കണക്കാക്കുന്നില്ല.
എൽഡിഎഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ്. അതൊന്നും തിരുത്തേണ്ടവയല്ല. എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് വിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും, ജനങ്ങളിൽ നിന്ന് പഠിച്ച് തിരുത്തേണ്ടത് തിരുത്തുമെന്നും എം. സ്വരാജ് അറിയിച്ചു.
English summary:
M. Swaraj says LDF will examine defeat in local body elections