Image

കെഎസ്ആർടിസി ബസിൽ ദിലീപ് സിനിമ പ്രദർശിപ്പിച്ചത് തർക്കത്തിന് കാരണമായി; സിനിമ നിർത്തിവെച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
കെഎസ്ആർടിസി ബസിൽ ദിലീപ് സിനിമ പ്രദർശിപ്പിച്ചത് തർക്കത്തിന് കാരണമായി; സിനിമ നിർത്തിവെച്ചു

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നടൻ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്ന് തർക്കവും പ്രതിഷേധവുമുണ്ടായി. തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. ഭൂരിഭാഗം യാത്രക്കാരും ഇവരെ അനുകൂലിച്ചതോടെ കണ്ടക്ടർക്ക് സിനിമ നിർത്തിവെക്കേണ്ടി വന്നു.

ബസ്സിൽ കയറിയപ്പോൾ മകനാണ് ദിലീപിൻ്റെ 'പറക്കും തളിക' എന്ന സിനിമ പ്രദർശിപ്പിക്കുന്നത് ശ്രദ്ധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സിനിമ കാണാൻ ബുദ്ധിമുട്ടുള്ളതിനാൽ സിനിമ നിർത്തുകയോ അല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ താൻ ഇറങ്ങിക്കോളാമെന്നും ലക്ഷ്മി ആർ. ശേഖർ കണ്ടക്ടറോട് ആവശ്യപ്പെട്ടു. അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ആ സിനിമ കാണാൻ കഴിയില്ലെന്നതാണ് തൻ്റെ നിലപാടെന്നും അവർ വ്യക്തമാക്കി. സിനിമ കാണാൻ താൽപര്യമുണ്ടോയെന്ന് കണ്ടക്ടർ എല്ലാവരോടും ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സിനിമ നിർത്തിവെച്ചു.

എന്നാൽ, കോടതി വിധി വന്നിട്ടും എന്തിനാണ് ഇങ്ങനെ കാണിക്കുന്നത് എന്ന് ചോദിച്ച് ചില യാത്രക്കാർ ദിലീപിന് അനുകൂലമായി നിലപാടെടുക്കുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ക്വട്ടേഷൻ നൽകിയെന്നുമുള്ള കുറ്റങ്ങൾ തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ പൾസർ സുനിയടക്കം ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചിരുന്നു. ഈ വിധിയിൽ സർക്കാരും അതിജീവിതയും അപ്പീൽ പോകാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ബസ്സിലെ പ്രതിഷേധം.

English summary: 

Dileep movie screening on KSRTC bus causes argument; screening stopped

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക