Image

തിരുവനന്തപുരം വികസനത്തിനായി ബ്ലൂ പ്രിൻ്റ് തയ്യാറാക്കും; രാജീവ് ചന്ദ്രശേഖർ

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
തിരുവനന്തപുരം വികസനത്തിനായി ബ്ലൂ പ്രിൻ്റ് തയ്യാറാക്കും; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിനായി ഒരു ബ്ലൂ പ്രിൻ്റ് തയ്യാറാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 45 ദിവസത്തിനകം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ബ്ലൂ പ്രിൻ്റ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയുകയുള്ളൂ എന്നും പറഞ്ഞതെല്ലാം ചെയ്യുമെന്നും ട്വന്റിഫോറിനോട് പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ വലിയ പിന്തുണയാണ് ലഭിച്ചതെന്നും, 'വികസിത തിരുവനന്തപുരം' എന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനം സ്വീകരിച്ചതിൻ്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഈ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചിരുന്നു.

അതേസമയം, കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ സംസ്ഥാന നേതൃതലത്തിൽ ചർച്ചകൾ സജീവമാണ്. മേയറെ സംബന്ധിച്ച തീരുമാനം ഇതുവരെ ബിജെപി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം നിർണായകമാകും. ആർ.എസ്.എസിൻ്റെ അഭിപ്രായം കൂടി തേടി ഉടൻ തന്നെ തീരുമാനമെടുക്കാനാണ് നീക്കം. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ നിർണായകമാണ്. തിരുവനന്തപുരത്തെ മികച്ച വിജയത്തിൻ്റെ പശ്ചാത്തലത്തിൽ നിയമസഭാ സ്ഥാനാർത്ഥി ചർച്ചകളിലേക്കും ബിജെപി കടന്നിട്ടുണ്ട്.

English summary: 

BJP State President Rajeev Chandrasekhar will prepare a blueprint for Thiruvananthapuram development

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക