
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൽ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൻ്റെ ചുമതലയുമുള്ള ദീപാദാസ് മുൻഷി രംഗത്തെത്തി. ശബരിമല ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഒന്നിച്ചു വന്നതാണ് വിജയത്തിന് കാരണമായതെന്നും, പിണറായി വിജയൻ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അവർ പറഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി കൃത്യമായ പദ്ധതി തയ്യാറാണെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.
തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദീപാദാസ് മുൻഷി, ശശി തരൂരിന്റെ നിലപാടുകൾ എൻഡിഎയുടെ വിജയത്തെ ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യുഡിഎഫ് ആരംഭിക്കുകയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സർക്കാർ വിരുദ്ധ തരംഗം പരമാവധി പ്രയോജനപ്പെടുത്താനും അനുകൂല തരംഗം നിലനിർത്താനും യുഡിഎഫ് ശ്രമിക്കും. ഇതിനായി കെപിസിസി, യുഡിഎഫ് യോഗങ്ങൾ ഉടൻ ചേരും.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയത്തെ എൽഡിഎഫിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫ് തീരുമാനം. തിരുവനന്തപുരത്തെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ മാതൃകയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വം ആലോചിക്കും.
English summary:
Deepa Das Munshi thanks for UDF victory