
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകളും റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള 'പൊന്നുപോലെ' ആർട്ട് എക്സിബിഷൻ കൊച്ചി മുസിരീസ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ കെ.എം. ബിൽഡിങ്ങിൽ ആരംഭിച്ചു. സ്വർണത്തിന്റെ ഉൽപ്പത്തിയേയും ഈ കാലഘട്ടത്തിൽ സ്വർണം ചെലുത്തുന്ന സ്വാധീനത്തേയും ആസ്പദമാക്കിയുള്ള ഈ പ്രദർശനം യുഎഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതാണ് 'പൊന്നുപോലെ' എന്ന് എം.എ. യൂസഫലി പറഞ്ഞു. നിരവധി എമിറാത്തി കലാകാരന്മാരുടെ പങ്കാളിത്തം ഈ എക്സിബിഷനെ ശ്രദ്ധേയമാക്കുന്നുണ്ട്.
പ്രശസ്ത കലാകാരനും ക്യൂറേറ്ററുമായ മുർത്തസാ വലിയാണ് ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതിലധികം കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ ഗോൾഡ് തീം എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. തൻ്റെ ബിസിനസ് വളർന്നതും ആസ്ഥാനവും യുഎഇയിലായതുകൊണ്ട് ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം പറയുന്ന ഈ എക്സിബിഷന് വലിയ പ്രാധാന്യമുണ്ടെന്ന് എം.എ. യൂസഫലി കൂട്ടിച്ചേർത്തു. കലയോടുള്ള മകളുടെ ഇഷ്ടവും തന്നെ സംബന്ധിച്ചിടത്തോളം മകളോടുള്ള ഇഷ്ടവുമാണ് വലുതെന്നും അദ്ദേഹം പ്രതികരിച്ചു.
ഏത് സന്തോഷ കാര്യത്തിലും മലയാളികൾ 'എൻ്റെ പൊന്നേ' എന്ന് വിളിക്കാറുണ്ടെന്നും, സ്വർണം പോലെ പവിത്രമായ കാര്യങ്ങൾക്ക് ഈ വാക്കിന് പ്രാധാന്യം നൽകുന്നുണ്ടെന്നും അതിനാലാണ് തൻ്റെ ആർട്ട് എക്സിബിഷന് 'പൊന്നുപോലെ' എന്ന് പേരിട്ടതെന്നും ഷെഫീന യൂസഫലി പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള കലാപരവും സൃഷ്ടിപരവുമായ കൂടിച്ചേരലുകൾക്ക് ഈ എക്സിബിഷൻ ഒരു നാഴികക്കല്ലായി മാറുമെന്നും അവർ പ്രത്യാശിച്ചു. മാർച്ച് 31 വരെ 'പൊന്നുപോലെ' പ്രദർശനം ബിനാലെയിൽ തുടരും.
English summary:
'Ponnupole' art exhibition led by Shefeena Yusuff Ali at Kochi Muziris Biennale